ശ്രീജിത്തിന്റെ മരണമൊഴി: മര്‍ദ്ദിച്ചത് മഫ്ടിയിലെത്തിയ രണ്ടു പോലീസുകാരെന്ന്; ടൈഗര്‍ഫോഴ്സിലെ രണ്ടു പേര്‍ അറസ്റ്റിലായേക്കും

Tuesday 17 April 2018 2:56 am IST

കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി മരണത്തിനുത്തരവാദികള്‍ റൂറല്‍ എസ്പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സ് തന്നെയെന്ന് വ്യക്തമാക്കി ശ്രീജിത്തിന്റെ മരണമൊഴി. മഫ്ടിയില്‍ വീട്ടിലെത്തിയ രണ്ടു പോലീസുകാരാണ് തന്നെ ചവിട്ടുകയും ഇടിക്കുകയും ചെയ്തതെന്നാണ് മരിക്കുന്നതിന് മുമ്പ് കളമശ്ശേരി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലും വെച്ച് ശ്രീജിത്ത് മൊഴി നല്‍കിയിട്ടുള്ളത്.

മരണമൊഴി ഇത്തരം കേസുകളില്‍ ഏറ്റവും പ്രധാനമായതിനാല്‍ ശ്രീജിത്തിനെ മര്‍ദിച്ചത് ആര്‍ടിഎഫിലെ ഉദ്യോഗസ്ഥരാണെന്ന നിഗമനത്തില്‍ തന്നെയാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം എത്തിയിരിക്കുന്നത്. എന്നാല്‍ ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചത് നേരത്തെ സസ്പെന്‍ഡ് ചെയ്തിട്ടുള്ള സന്തോഷ്, ജിതിന്‍, സുരേഷ് എന്നിവരില്‍ ആരൊക്കെയാണെന്ന കാര്യത്തിലാണ് വ്യക്തതയുണ്ടാകാനുള്ളത്. ഇവരില്‍ രണ്ടു പേര്‍ വരും ദിവസങ്ങളില്‍ അറസ്റ്റിലാകുമെന്ന് തന്നെയാണ് സൂചന. ടൈഗര്‍ഫോഴ്സ് പിരിച്ചുവിട്ടതും കുറ്റക്കാര്‍ ഈ സംഘത്തില്‍ പെട്ടവരാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ്. 

ശ്രീജിത്തിന്റെ കുടല്‍ പൊട്ടിയത്, ആത്മഹത്യ ചെ്‌യ്ത സഹദേവന്റെ ആക്രമണത്തിലാണെന്ന വാദം പോലീസില്‍ ഒരുവിഭാഗം ഉയര്‍ത്തിയിരുന്നുവെങ്കിലും ശ്രീജിത്തിന്റെ മരണമൊഴിയില്‍ മഫ്ടി പോലീസിന്റെ മര്‍ദനത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞിരിക്കുന്നതെന്നതിനാല്‍ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് വ്യക്തമായിക്കഴിഞ്ഞു.  എന്നാല്‍ ശ്രീജിത്തിന്റെ ഗുരുതരാവസ്ഥ വരാപ്പുഴ പോലീസ് അവഗണിച്ചതാണ് വിദഗ്ധ ചികിത്സ കിട്ടാതെ ശ്രീജിത്ത് മരിക്കാനിടയാക്കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.