കർണ്ണാടക കോൺഗ്രസ്സിൽ തമ്മിലടി

Tuesday 17 April 2018 3:12 am IST

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചതോടെ  കോണ്‍ഗ്രസില്‍ തമ്മിലടി. മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രതിസന്ധിയിലാക്കി സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം.  പ്രതിഷേധം തെരുവിലേക്കും വ്യാപിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായി.

സീറ്റു ലഭിക്കുന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കുമെന്ന് വ്യക്തമാക്കി ഒട്ടേറെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മാണ്ഡ്യ, ചിക്കമംഗളൂരു, ബംഗളൂരു, ബെല്ലാരി, ഹംഗല്‍, മായകൊണ്ട, ജാഗലൂര്‍, തിപ്തൂര്‍, ബേലൂര്‍, കിട്ടൂര്‍, കുനിഗല്‍, കോളാര്‍, നിലമംഗള  തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം വിമതര്‍  മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ചില നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

മാണ്ഡ്യ മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് രവികുമാറിനു സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.  മാണ്ഡ്യയിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധക്കാര്‍ പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്തു. ചലച്ചിത്രതാരവും സിറ്റിങ് എംഎല്‍എയുമായ അംബരീഷിനാണ് കോണ്‍ഗ്രസ് ഇവിടെ സീറ്റ് നല്‍കിയത്. സീറ്റു നിഷേധിക്കപ്പെട്ട കോണ്‍ഗ്രസിന്റെ മീഡിയ കോഓര്‍ഡിനേറ്റര്‍ ബ്രിജേഷ് കാലപ്പയുടെ അനുയായികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. സീറ്റു നിഷേധിക്കപ്പെട്ട മുന്‍ എക്‌സൈസ് മന്ത്രി മനോഹര്‍ തഹ്സില്‍ദാറിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ഹംഗലില്‍ റോഡ് ഉപരോധിച്ചു. സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം ലഭിക്കാതെ പോയ ജാഗലൂര്‍ എംഎല്‍എ എച്ച്.പി. രാജേഷ് പട്ടിക പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബംഗളൂരുവിലെത്തി കണ്ട് പ്രതിഷേധമറിയിച്ചു.

സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടിവച്ച കിട്ടൂരില്‍ അഞ്ചുതവണ എംഎല്‍എയായ ഡി.ബി. ഇനാംദറിന്റെ അനുയായികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇനാംദറിനു പകരം അദ്ദേഹത്തിന്റെ ബന്ധു ബാബസാഹെബ് പാട്ടീലിനെ സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കം. നിലമംഗള മണ്ഡലത്തില്‍ സീറ്റു നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാവ് അഞ്ജന മൂര്‍ത്തിയുടെ അനുയായികളും പ്രതിഷേധത്തിനിറങ്ങി. 2013ലെ തെരഞ്ഞെടുപ്പില്‍ സി.വി. രാമന്‍നഗറില്‍നിന്ന് മല്‍സരിച്ച മുതിര്‍ന്ന നേതാവ് പി.രമേഷ് സീറ്റു നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് താന്‍ ജെഡിഎസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോഴത്തേത് ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസല്ലെന്നും സിദ്ധരാമയ്യയുടെ തുഗ്ലക് കോണ്‍ഗ്രസാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

 218 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. 225 അംഗ നിയമസഭയില്‍ ഏഴു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.