മൊഴിമാറ്റാൻ പീഡനക്കേസിലെ പ്രതികൾ നൽകിയ പണം മാതാപിതാക്കൾ കൈപ്പറ്റി

Tuesday 17 April 2018 1:02 pm IST
"undefined"

ന്യൂദല്‍ഹി: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിമാറ്റി പറയിക്കാന്‍ പ്രതികള്‍ നല്‍കിയ പണം കുട്ടിയുടെ മാതാപിതാക്കള്‍ കൈപ്പറ്റിയതായി പരാതി. മാതാപിതാക്കള്‍ക്ക് മുന്‍കൂറായി നല്‍കിയ അഞ്ച് ലക്ഷം രൂപയുമായി 15-കാരിയായ പെണ്‍കുട്ടിയാണ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഏപ്രില്‍ 10-നാണ് പെണ്‍കുട്ടി അമന്‍ വിഹാര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രേംനഗര്‍ പോലീസ് പോസ്റ്റില്‍ പേപ്പറില്‍ പൊതിഞ്ഞ് പണവുമായി എത്തിയത്. തന്നെ ബലാത്സംഗത്തിനിരയാക്കിയ ആളില്‍ നിന്ന് വാങ്ങിയ പണമാണിതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് പറഞ്ഞു. പ്രതികള്‍ തന്റെ മൊഴിമാറ്റി പറയിക്കാന്‍  മാതാപിതാക്കളെ നിര്‍ബന്ധിക്കുകയും 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പോലീസ് കുട്ടിയില്‍ നിന്ന് പരാതി എഴുതി വാങ്ങുകയും ഇടനിലക്കാരനായി നിന്നയാള്‍ക്കും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയുമായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്തെങ്കിലും പിതാവും ഇടനിലക്കാരനും ഒളിവില്‍ പോയി. കേസില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ കുട്ടിയ അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. 2017 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി പ്രതികള്‍ കരാറുറപ്പിച്ചത്.

20 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കരാര്‍. മുന്‍കൂറായി അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ നല്‍കിയത്. ഈ തുകയുമായാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. മൊഴി മാറ്റിപ്പറയാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. മൊഴിമാറ്റിയില്ലെങ്കില്‍ വീണ്ടും ബലാല്‍സംഗം ചെയ്യുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.