രാജേശ്വരിക്ക് ഇനി പോകാം; വേദനയില്ലാത്ത ലോകത്തേക്ക്

Tuesday 17 April 2018 2:15 pm IST
ശരീരമാസകലം വൃണങ്ങള്‍. അവയില്‍ മഞ്ഞള്‍ പുരട്ടി പൂഴി മണ്ണില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്ന രാജേശ്വരി. ആനപ്രേമികള്‍ക്കു മാത്രമല്ല ഹൃദയമുള്ള ആര്‍ക്കും കണ്ടു നില്‍ക്കാന്‍ കഴിയാത്ത കാഴ്ചയാണിത്
"undefined"

ചെന്നൈ:ശരീരമാസകലം വൃണങ്ങള്‍. അവയില്‍ മഞ്ഞള്‍ പുരട്ടി പൂഴി മണ്ണില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്ന രാജേശ്വരി. ആനപ്രേമികള്‍ക്കു മാത്രമല്ല ഹൃദയമുള്ള ആര്‍ക്കും കണ്ടു നില്‍ക്കാന്‍ കഴിയാത്ത കാഴ്ചയാണിത്. പത്തു വര്‍ഷമായി മൂന്നു കാലില്‍ ജീവിക്കുകയാണ് രാജേശ്വരി.അധികം വൈകാതെ അവള്‍ യാത്രയാകും വേദനയില്ലാത്ത ലോകത്തേക്ക്. അവള്‍ക്ക് ദയാവധം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. ആനയ്ക്ക് ദയാവധം നല്‍കുക ഇന്ത്യയില്‍ ഇതാദ്യം.

 സേലം  അരുള്‍മിഗു സുഗവനേശരര്‍ ക്ഷേത്രത്തിലെ  ആനയാണ് രാജേശ്വരി. വയസ് 42. അല്പ്പകാലമായി തീരെ സുഖമില്ല. ശരീരമെങ്ങും വലിയ വൃണങ്ങള്‍. കടുത്ത വേദനയും. ലഭ്യമായ സകല ചികില്‍സകളും നല്‍കിക്കഴിഞ്ഞു.  ഇനി ഭേദമാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. ഒരു നാടിന്റെ തന്നെ പ്രിയപ്പെട്ടവളായ രാജേശ്വരിയുടെ വേദന കാണാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല. തുടര്‍ന്നാണ്  ദയാവധം നല്‍കണമെന്ന്  നാട്ടുകാര്‍ക്ക് തോന്നിയത്.

മൃഗാവകാശ സംഘടനയുടെ സ്ഥാപകന്‍ എസ്. മുരളീധരനാണ് രാജേശ്വരിക്ക് ദയാവധം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷനായ ബെഞ്ച് ഒടുവില്‍ അതിന് അനുമതി നല്‍കിക്കഴിഞ്ഞു. ഇനി ഈ രോഗം ഭേദമാക്കാന്‍ കഴിയില്ലെന്ന് വെറ്ററിനറി ഡോക്ടമാരുടെ അന്തിമ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാല്‍ മതിയാകും. 

ഒരു കാല്‍ നഷ്ടപ്പെട്ട രാജേശ്വരി പത്തു വര്‍ഷമായി മൂന്നുകാലുകളിലാണ് ജീവിതം തള്ളിനീക്കുന്നത്.ഇതേത്തുടര്‍ന്ന് മൂന്നു കാലുകളിലും സന്ധിവാതം പിടിപെട്ടു. കുറച്ചുനാള്‍ മുന്‍പ്  ജെസിബി ഉപയോഗിച്ച് ആനയെ എഴുന്നേല്‍പ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാത്രമല്ല ശ്രമത്തില്‍  അവള്‍ വീഴുകളും ചെയ്തു. ഇതോടെ തേറ്റ( പിടിയാനകള്‍ക്കുള്ള തീരച്ചെറിയ കൊമ്പ്)  ഒടിഞ്ഞു. കാലുകള്‍ക്ക് വലിയ പരിക്കുകളുമായി. അവശത കൂടി.

ഇതിനിടെ ക്ഷയരോഗം കൂടി ബാധിച്ചു.രാജ്വേശരിയുടെ വേദന കണ്ട് സഹിക്കവയ്യാതെ മുരളീധരന്‍ ഹിന്ദു റലിജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റിനെ സമീപിച്ചെങ്കിലും അവര്‍ ആവശ്യം തള്ളി. തുടര്‍ന്നാണ് ദയാവധം തേടി ഹൈക്കോടതിയെ സമീപിച്ചത്. 

81ല്‍  അഞ്ചു വയസുള്ളപ്പോഴാണ് രാജേശ്വരിയെ മുതുമല വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ക്ഷേത്രത്തില്‍ എത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.