സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി: വീട്ടമ്മ ആത്മഹത്യ ചെയ്തു

Tuesday 17 April 2018 7:00 pm IST
ഒരു സംഘം ആളുകള്‍ വീടിന് നേരെ കല്ലെറിയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു, ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു .
"ശ്യാമള"

പാലക്കാട്:  മക്കളെ കൊല്ലുമെന്ന സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. പുത്തൂര്‍ മന്തക്കര സ്വദേശി ശ്രീനിവാസന്റെ ഭാര്യ ശ്യാമള(45)യെയാണ് ഇന്നലെ രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

 പുത്തൂരില്‍ ഇന്നലെ വിഷുവേലയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നൂറോളം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം നടത്തിയിരുന്നു. രാത്രി ഒരുസംഘം  ശ്യാമളയുടെ വീടിന് നേരെ കല്ലെറിയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.രണ്ട് ആണ്‍മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ശ്യാമളയുടെ മക്കളായ പ്രഭുവും പ്രവീണും ആര്‍എസ്എസിന്റെ പുത്തൂര്‍ ശാഖ പ്രവര്‍ത്തകരാണ്.വിഷുവേലക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ സിപിഎം പ്രദേശിക നേതൃത്വം നേരത്തെതന്നെ ആസൂത്രണം ചെയ്തിരുന്നു. ഇത് നടക്കാതെ വന്നപ്പോഴാണ് പുത്തൂര്‍ അമ്പലത്തിന്റെ പരിസരത്ത് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്ത്രീകളെ കൈയേറ്റം ചെയ്ത അക്രമികള്‍ സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അടിച്ചു തകര്‍ത്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശ്യാമളയുടെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ശ്യാമളയുടെ വീട് സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.