കളര്‍ഫുള്ളായി ഫാസിനോ

Tuesday 17 April 2018 9:18 pm IST

ആദ്യലുക്കില്‍ തന്നെ വാഹനപ്രേമികളുടെ മനം കവര്‍ന്ന വാഹനം. യമഹയുടെ ഫാസിനോയെ ഇങ്ങനെ വിശേഷിപ്പിക്കാം. ലുക്ക് തന്നെയാണ് മറ്റു സ്‌കൂട്ടറുകളില്‍ നിന്ന് ഫാസിനോയെ വ്യത്യസ്തമാക്കിയിരുന്നത്. പക്ഷേ, നിറത്തിന്റെ കാര്യത്തില്‍ ഫാസിനോ അല്‍പ്പം പിന്നിലായിരുന്നു. ഇപ്പോള്‍ ആ കുറവ് പരിഹരിച്ച് കൂടുതല്‍ കളര്‍ഫുള്ളായി എത്തിയിരിക്കുകയാണ് ഫാസിനോ. ഗ്ലാമറസ് ഗോള്‍ഡ്, ഡാപ്പര്‍ ബ്ലൂ, ബീമിങ് ബ്ലൂ, ഡാസ്ലിങ് ഗ്രേ, സിസ്ലിങ് സ്യാന്‍, സ്‌പോര്‍ട്‌ലൈറ്റ് വൈറ്റ്, സാസി സ്യാന്‍ നിറങ്ങളിലാണ് ഇപ്പോള്‍ ഫാസിനോയുടെ കുതിപ്പ്.

യുവാക്കളെ ആകര്‍ഷിക്കാനായി മുന്നിലും ബോഡിയുടെ വശങ്ങളിലുമെല്ലാം പുതിയ ഗ്രാഫിക്‌സ് ഉപയോഗിച്ചിട്ടുണ്ട്. ഇരുനിറങ്ങളിലുള്ള സീറ്റ് കവര്‍, ഉയര്‍ന്ന ഗ്രാബ് ബാര്‍ എന്നിവയുണ്ട്. ക്രോം പ്ലേറ്റിങ്ങോടെയുള്ള ഡൈനമിക് കര്‍വുകളമുണ്ട്. എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് സിംഗിള്‍സിലിണ്ടര്‍ എന്‍ജിനാണ് ഫാസിനോയ്ക്ക്. 113 സിസിയാണ് ശേഷി. ബ്ലൂ കോര്‍ ടെക്‌നോളജിയുടെ പിന്‍ബലമുണ്ട് ഇതിന്. 7500 ആര്‍പിഎമ്മില്‍ 7.1 പി എസ് കരുത്തും 5000 ആര്‍പിഎമ്മില്‍ 8.1 എന്‍ എം ടോര്‍ക്കുമേകും. 66 കിലോമീറ്ററാണ് മൈലേജ്. പുതുനിറങ്ങളിലുള്ള ഫാസിനോയ്ക്ക് 54,593 രൂപയാണ് എക്‌സ്‌ഷോറൂം വില. യുവാക്കളെ ലക്ഷ്യമിട്ടാണ് ഫാസിനോ പരിഷ്‌കരിച്ച പതിപ്പ് ഇറക്കിയിട്ടുള്ളത്.  

ഓടിയെത്തി കരുത്തന്‍ ഔഡി

പേര് തന്നെ ആഢംബരത്തിന്റെ പ്രതീകം. ഔഡി കാറിന് പണ്ടുമുതലേ ഈ പ്രൗഢിയുണ്ട്. ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാവായ ഔഡി പുതിയ രണ്ടാം തലമുറ ഔഡി ആര്‍എസ് 5 കൂപ്പേ ഇന്ത്യന്‍ നിരത്തിലെത്തിച്ചു. മുന്‍ ഔഡികളേക്കാള്‍ വ്യത്യസ്തമായി കൂടുതല്‍ കരുത്തുമായി ഔഡി ഓടിയെത്തിയത്.

കൂടുതല്‍ സാങ്കേതിക മികവും 450 കുതിരശക്തി കരുത്തുമുള്ള അത്യാധുനിക 2.9 ടിഎഫ്എസ്‌ഐ ബൈടര്‍ബോ എഞ്ചിന്‍ യൂണിറ്റാണ് പ്രധാന പ്രത്യേകത. 600 എന്‍എം വരെ ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണ്  എഞ്ചിന്‍. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് എത്താന്‍ വെറും 3.9 സെക്കന്റ് മതി. കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്. ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും സഹിതം ഔഡി സ്മാര്‍ട്‌ഫോണ്‍ ഇന്റര്‍ഫേസും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

ഒരു സ്‌പോര്‍ട്‌സ് കാറിന്റെ പ്രവര്‍ത്തനക്ഷമതയോടെയുള്ള ആഡംബര കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആര്‍എസ് 5 കൂപ്പേ അല്ലാതെ മറ്റൊന്നും തിരഞ്ഞെടുക്കാനില്ല. ഇന്ത്യയിലെ എല്ലാ ഔഡി ഡീലര്‍ഷിപ്പുകളിലും ലഭ്യമായ പുതിയ ഔഡി ആര്‍എസ് 5 കൂപ്പേ ലഭിക്കും. വില 1.10 കോടി രൂപ. ബെംഗളൂരുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട്ട് കോഹ്ലിയാണ് പുതിയ ഔഡി ആര്‍എസ് 5 കൂപ്പേ വിപണിയില്‍ അവതരിപ്പിച്ചത്. 

ചരക്ക് നീക്കാന്‍ ടാറ്റയുടെ പുതിയ ഏയ്‌സ് ഗോള്‍ഡ്

ചരക്ക് നീക്കാന്‍ ഇനി ടാറ്റയുടെ പുതിയ ഏയ്‌സ് ഗോള്‍ഡ് നിരത്തിലുണ്ടാകും. സ്‌മോള്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എസ്‌സിവി) രംഗത്ത് പുതു വിപ്‌ളവം സൃഷ്ടിക്കാനാണ് ടാറ്റാ മോട്ടോഴ്‌സ് പുതിയ ഏയ്‌സ് ഗോള്‍ഡ് വിപണിയിലിറക്കിയത്. ചരക്ക് വാഹനങ്ങളില്‍ ജനപ്രിയതയില്‍ ഏറെ മുന്നിലാണ്. കൂടുതല്‍ പെര്‍ഫോമന്‍സുമായി പുതിയ പതിപ്പിന്റെ വരവ്.

ഒട്ടേറെ ഗവേഷണം നടത്തിയാണ് മികച്ച ശേഷിയുള്ള പുതിയ ടാറ്റാ ഏയ്‌സ് ഗോള്‍ഡ് രൂപപ്പെടുത്തിയിരിക്കുന്നത്. 3.75 ലക്ഷം രൂപയ്ക്ക് ആര്‍ട്ടിക് വൈറ്റ് നിറത്തിലായിരിക്കും പുതിയ എസ്‌സിവി നിരത്തിലെത്തുക. 702 സിസി സിലിണ്ടര്‍ ഐഡിഐ എന്‍ജിനാണ് ഇവയ്ക്ക്.

ആകര്‍ഷകമായ രൂപം, സ്റ്റീയറിംഗ് വീല്‍, കൈകാര്യം ചെയ്യാനുള്ള ക്ഷമത, ഉപയോഗപ്രദമായ ഡാഷ്‌ബോര്‍ഡ് എന്നിവയ്ക്കു പുറമെ സുരക്ഷിതമായ ഡ്രൈവിംഗും കുറഞ്ഞ കൈകാര്യചെലവും ആകര്‍ഷകമായ വിലയുമാണ് പുതിയ ടാറ്റാ ഏയ്‌സ് ഗോള്‍ഡിന്റെ പ്രത്യേകത. പുതിയ സംരംഭങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് വഴിയൊരുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.