തീര്‍ത്ഥങ്ങളെ പുണ്യ തീര്‍ത്ഥമാക്കുന്നവര്‍

Wednesday 18 April 2018 2:18 am IST

''തീര്‍ത്ഥീകുര്‍വന്തി തീര്‍ത്ഥാനി 

സുകര്‍മീകുര്‍വന്തി കര്‍മാണി, 

സഛാസ്ത്രീ കുര്‍വന്തി ശാസ്ത്രാണി''

തീര്‍ത്ഥങ്ങളെ ഇവര്‍ തീര്‍ത്ഥീകരിക്കുന്നു. കര്‍മ്മങ്ങളെ ഭക്തന്മാര്‍ സല്‍കര്‍മങ്ങളാക്കി മാറ്റുന്നു. ശാസ്ത്രങ്ങളെ ഇവര്‍ സത്യമാക്കിത്തീര്‍ക്കുന്നു.

ഭാഗവതത്തില്‍ ഗംഗാവതരണത്തെക്കുറിച്ചുള്ള പരാമര്‍ശം ഒന്നു ശ്രദ്ധിക്കാം. വംശത്തെ ശുദ്ധീകരിക്കാന്‍ ഭഗീരഥന്‍ കഠിനശ്രമം നടത്തിയാണ് ആകാശഗംഗയെ ഭൂമിയിലേക്ക് ആനയിച്ചത്. വിഷ്ണുവിന്റെ പാദസ്പര്‍ശമേറ്റ തീര്‍ത്ഥം. ശിവന്‍ ശിരസാ വഹിച്ച പുണ്യതീര്‍ത്ഥം.

ഈ പാവന തീര്‍ത്ഥത്തിനു ഭഗവാന്‍ അനുഗ്രഹം നല്‍കി. നിന്നെ സ്പര്‍ശിക്കുന്ന എല്ലാവരും സര്‍വപാപങ്ങളും തീര്‍ന്ന് പുണ്യവാന്മാരായിത്തീരും. സ്വാഭാവികമായും ഗംഗാദേവിക്ക് ഒരു സംശയം. പാപികളെല്ലാം വന്ന് തന്നെ സ്പര്‍ശിക്കുമ്പോള്‍ താന്‍ പാപപങ്കിലമായിത്തീരില്ല.

ഇതിന് വ്യക്തമായ മറുപടി ഗംഗാദേവിക്ക് കിട്ടി.

പാപികള്‍ മാത്രമല്ല. അനേകം ഭക്തന്മാരും നിന്റെ  സന്നിധിയില്‍ വരും. അവരും നിന്നെ വന്നു സ്പര്‍ശിക്കും. ഏതെങ്കിലും ഒരു ഭക്തന്‍ ഗംഗാദേവിയെ വന്നു സ്പര്‍ശിക്കുന്നതോടെ അതുവരെ വന്നുചേര്‍ന്ന എല്ലാ പാപങ്ങളും അപ്പോള്‍ തീരും.

തീര്‍ത്ഥങ്ങളിലെ പാപങ്ങളെല്ലാം തീര്‍ത്ത് അതിനെ പുണ്യതീര്‍ത്ഥമാക്കാന്‍ ഭഗവത് ഭക്തന്റെ സ്പര്‍ശം മതി. ഭഗവത്ഭക്തന്റെ പാദസ്പര്‍ശത്തിന് അത്രയേറെ സുകൃതശക്തിയുണ്ട്.

ഒരു ഭക്തന്റെ സാന്നിദ്ധ്യംകൊണ്ട് അനേകരെ സല്‍കര്‍മത്തിലേക്ക് നയിക്കാന്‍ കഴിയുന്നു. മഹാത്മാഗാന്ധിയും സ്വാമിവിവേകാനന്ദനുമെല്ലാം ചെയ്തത് ഇതുതന്നെയാണ്.

നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങളുടെ അന്തഃസത്ത സ്വയമേവ മനസ്സിലാക്കി, ഉള്‍വിളിപോലെ പ്രകടമാക്കി വ്യാഖ്യാനിച്ച് സമൂഹത്തിന് നല്‍കുന്നതും ഇവരാണ്.

അതിനാല്‍ ഭക്തന്മാര്‍ ശരിയായവിധത്തില്‍ തന്നെ തീര്‍ത്ഥങ്ങളെയും സല്‍കര്‍മങ്ങളേയും നല്‍കി, സത്യമായ ശാസ്ത്രങ്ങളേയും നല്‍കുന്നു.

കുരുക്ഷേത്രയുദ്ധത്തില്‍ ആയുധമെടുക്കില്ലെന്ന ഭഗവാന്റെ വാക്ക് കേട്ടപ്പോള്‍, എന്നാല്‍ ഭഗവാനെ, ഭഗവാനെക്കൊണ്ട് ഞാന്‍ ആയുധമെടുപ്പിക്കും എന്ന് ഭീഷ്മരും സത്യം ചെയ്തു. ഭക്തന്റെ വാക്ക് സത്യമാക്കാനായി കൃഷ്ണന്‍ സുദര്‍ശന ചക്രവുമെടുത്തുകൊണ്ട് ഭീഷ്മരുടെ നേരെ മുന്നില്‍ ചെന്നു. ഭഗവാന്റെ വാക്കിനേക്കാള്‍ ഭക്തന്റെ സത്യത്തിനാണ് പ്രാധാന്യമെന്ന് ഭഗവാന്‍ തെളിയിച്ചു.

ഭാഗവതത്തില്‍ പിതാവായ ഹിരണ്യകശിപുവിനു മുന്നില്‍, എന്റെ നാരായണന്‍ തൂണിലും തുരുമ്പിലും ഉണ്ട് എന്ന് പ്രഹ്ലാദന്‍ പറഞ്ഞപ്പോള്‍ പ്രഹ്ലാദന്റെ വാക്ക് സത്യമാക്കാന്‍ ഭഗവാന്‍ തൂണില്‍ അവതരിച്ചു. ഭക്തനായ ബ്രഹ്മാവ് ഹിരണ്യകശിപുവിന് കൊടുത്ത വാക്ക് തെറ്റിക്കാതെ നരസിംഹമായിവന്ന് ത്രിസന്ധ്യയാകുംവരെ കാത്തിരുന്നശേഷമാണ് ഉമ്മറപ്പടിയിലിരുന്ന് ഹിരണ്യകശിപുവിനെ വധിച്ചത്. ഭക്തന്റെ സത്യം പാവനമാണെന്നു തെളിയിച്ചുകൊണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.