മഞ്ഞപ്പിത്തം പടരുന്നു; ആരോഗ്യവകുപ്പ് ഉറക്കത്തില്‍

Wednesday 18 April 2018 2:00 am IST
ജില്ലയില്‍ മഞ്ഞപ്പിത്തം പടരുമ്പോഴും ആരോഗ്യവകുപ്പ് ഉറക്കത്തില്‍. മാന്നാനത്തും സമീപ പ്രദേശങ്ങളിലുമായി 200 പേര്‍ക്ക് രോഗം ബാധിച്ചിട്ടും ആരോഗ്യവകുപ്പിന്റെ കണക്കില്‍ മൂന്ന് മാസത്തിനുള്ളില്‍ 18 പേര്‍ക്ക് മാത്രമാണ് രോഗമുണ്ടായത്.

 

കോട്ടയം: ജില്ലയില്‍ മഞ്ഞപ്പിത്തം പടരുമ്പോഴും ആരോഗ്യവകുപ്പ് ഉറക്കത്തില്‍. മാന്നാനത്തും സമീപ പ്രദേശങ്ങളിലുമായി 200 പേര്‍ക്ക് രോഗം ബാധിച്ചിട്ടും ആരോഗ്യവകുപ്പിന്റെ കണക്കില്‍ മൂന്ന് മാസത്തിനുള്ളില്‍ 18 പേര്‍ക്ക് മാത്രമാണ് രോഗമുണ്ടായത്. പ്രശ്‌നത്തെ ആരോഗ്യവകുപ്പ് ലഘൂകരിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ കണക്കുകള്‍.

മാന്നാനം കെ.ഇ കോളേജിലെ വിദ്യാര്‍ത്ഥി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ സംഭവത്തിന് ശേഷമാണ് ആരോഗ്യവകുപ്പ് ശരിയായി ഉണര്‍ന്നിരിക്കുന്നത്. 

അതുവരെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുക മാത്രമാണ് നടത്തിയത്. എന്നാല്‍ ജനുവരിയില്‍ ആരംഭിച്ച രോഗബാധ നിയന്ത്രണ വിധേയമായെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. 

രോഗത്തിന്റെ ഉറവിടം മെഡിക്കല്‍ കോളേജ്

മെഡിക്കല്‍ കോളജ് ആശുപത്രി പരിസരവും സമീപ പ്രദേശങ്ങളും വൃത്തിഹീനമായ സാഹചര്യമാണുള്ളത്. 

മെഡിക്കല്‍ കോളേജിലെ ശുചീകരണ പ്ലാന്റിലെ വെള്ളം ശരിയായ രീതിയില്‍ ശുദ്ധീകരിക്കാതെയാണ് സമീപത്തെ തോട്ടിലേക്ക് ഒഴുക്കി വിടുന്നത്. തോടിന് സമീപത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ക്കാണ് രോഗം പിടിപ്പെട്ടിട്ടുള്ളത്. 

മെഡിക്കല്‍ കോളേജ് വളപ്പിലുള്ള ജലഅതോറിട്ടിയുടെ മാലിന്യ പ്ലാന്റിലെ ടാങ്കില്‍ നിന്നും രാത്രി കാലങ്ങളില്‍ മലിനജലം ട്രീറ്റ് പ്ലാന്റിലേക്ക് പമ്പ് ചെയ്യാറില്ല. ഈ മലിനജലം ടാങ്ക് നിറഞ്ഞൊഴുകി സമീപത്തെ വീടുകളിലെ കിണറുകളില്‍ എത്തുന്നു. ഇത് രോഗം പടരുന്നതിന് മുഖ്യകാരണമാണ്. 

ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷമുള്ള ജൈവമാലിന്യം ഉള്‍പ്പെടെ വളപ്പില്‍ തന്നെ കുഴിച്ചു മൂടുകയാണ് പതിവ്. വന്‍തോതിലുള്ള ഈ മാലിന്യ നിക്ഷേപം മഴയത്ത് മണ്ണിലിറങ്ങി കിണറുകളില്‍ എത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളാണ് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നത്.  

ആശുപത്രിയുടെ പരിസരത്തും സമീപത്തെ റോഡരികിലും മാലിന്യമാണ്. 

രാത്രികാലങ്ങളില്‍ വീടുകളില്‍നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. എന്നാല്‍ മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കുന്നില്ല.

മാന്നാനം ഭീതിയില്‍ 

മാന്നാനം കെ.ഇ കോളേജിലെ വിദ്യാര്‍ത്ഥികളും നാട്ടുകാരുമുള്‍പ്പെടെ 200 ഓളം പേര്‍ക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. കഴിഞ്ഞ ജനുവരിയില്‍ കോളേജിലെ 150ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടത്. മലിനജലത്തില്‍ നിന്നാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ഉണ്ടായത്. കോളേജിലെ ഒരു വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. പ്രശ്‌നം ഇത്രയും ഗുരുതരമായിട്ടും കിണറുകളില്‍ മാലിന്യം കലരുന്നത് തടയാന്‍  അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.