പുനഃ ചിന്തനം വേണം

Wednesday 18 April 2018 2:29 am IST

ജനത്തെ വലയ്ക്കുന്ന ഇന്ധന വിലക്കയറ്റം തടയാനായി ജിഎസ്ടി യുടെ പരിധിയിലേക്ക് ഇത് കൂടി കൊണ്ടുവരണം. നിരക്ക് പതിനെട്ടു ശതമാനമായി നിജപ്പെടുത്തിയാലും  ഇന്നത്തെ വില വരുകയില്ല. സംസ്ഥാനങ്ങളെല്ലാം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് ഈ വിലക്കയറ്റത്തിന് അറുതി വരുത്തുക തന്നെ വേണം. ഇങ്ങിനെയുള്ള ജനോപകാര പ്രക്രിയകളിലേക്ക് രാഷ്ട്രീയം വലിച്ചിഴയ്ക്കരുത്. ചില വടക്കന്‍ സംസ്ഥാനങ്ങളിലെ വിലക്കുറവ് നാം കാണാതെ പോകയുമരുത്. ഇന്ധന വില കുറയുന്നതോടൊപ്പം നിത്യോപയോഗ സാധന വിലകളിലും അതിന്റെ പ്രയോജനം ലഭിക്കും. ഗുണഭോക്താക്കളോ സാധാരണക്കാരും.

സി.പി. വേലായുധന്‍ നായര്‍, 

ഇടപ്പള്ളി വടക്ക്

ഒരു തെറ്റും തെറ്റല്ല 

ഏതു തെറ്റിനും പാപത്തിനും  പ്രായശ്ചിത്തമുണ്ടെന്നു പറയുന്നു. എന്നാല്‍ ഇന്ന് ഒരു തെറ്റും തെറ്റല്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. പ്രായശ്ചിത്തം ചെയ്യാതെ തന്നെ മിക്ക തെറ്റുകളും സാധൂകരിക്കപ്പെടുന്നു. എന്നാല്‍ മറഞ്ഞിരിക്കുന്ന ധനവും സ്വാധീനവുമാണ് പ്രായശ്ചിത്തമായി മാറുന്നത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ നമ്മുടെ രാജ്യത്ത് സാര്‍വ്വത്രികമായി ലംഘിക്കപ്പെടുന്നുണ്ട്. അവയ്‌ക്കെതിരെ യഥാസമയം അധികാരികള്‍ നടപടിയെടുക്കാറില്ല. കാരണം ഈ ചട്ടലംഘനങ്ങളെല്ലാം പിന്നീട് സാധൂകരിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ക്കും ഉടമകള്‍ക്കും അറിയാം. പിഴയൊടുക്കിയാല്‍ ആ തെറ്റ് തെറ്റല്ലാതാകും

    സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാര്‍ പിഴയൊന്നും ഒടുക്കേണ്ട. അവര്‍ക്ക് ഭൂമി നല്‍കാന്‍ കയ്യേറ്റക്കാരെന്നും കുടിയേറ്റക്കാരെന്നും തരം തിരിച്ചു പറയും. കയ്യേറ്റക്കാരനാണ് കുടിയേറ്റക്കാരനാവുന്നതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? അങ്ങനെ കയ്യേറ്റങ്ങളും തെറ്റല്ലാതായി മാറും.

ഇന്ന് രാജ്യത്തെ രണ്ട് പ്രധാന വ്യവസായങ്ങളാണ് വിദ്യാലയങ്ങളും ആശുപത്രികളും. ആര്‍ക്കും സ്‌കൂള്‍ തുടങ്ങാം. ഇഷ്ടം പോലെ ഫീസ് വാങ്ങാം. ശമ്പളവും ഇഷ്ടം പോലെ നല്‍കിയാല്‍ മതി.  നിര്‍ത്തലാക്കാന്‍ നോട്ടീസ് നല്‍കി. പിന്നെ കോടതിയായി, മതമായി, മനഷ്യത്വമായി. ചുരുക്കത്തില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കൂണുപോലെ ഈ വിദ്യാലയങ്ങള്‍ മുളച്ചുപൊങ്ങുമ്പോള്‍  വിദ്യാഭ്യാസ വകുപ്പ് എവിടെയായിരുന്നു? 

   കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ മാനേജ്‌മെന്റ് തന്നിഷ്ടപ്രകാരം കുറെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി. ജെയിംസ് കമ്മിറ്റിയും കോടതിയും ആ ധിക്കാരം അനുവദിച്ചു കൊടുത്തില്ല. പക്ഷേ സര്‍ക്കാരിന്റെ മനുഷ്യത്വമുണര്‍ന്നു. കുട്ടികളുടെ ഭാവിയെയോര്‍ത്ത് വ്യാകുലപ്പെടാന്‍ തുടങ്ങി. പ്രതിപക്ഷത്തിന്റെ കണ്ണിലും വെള്ളം നിറഞ്ഞു. പുറ്റുങ്കല്‍ വെടിക്കെട്ടപകടത്തില്‍ നിരപരാധികളായ നൂറ്റിപ്പത്തുപേരുടെ ജീവന്‍ നഷ്ടപ്പെട്ടപ്പോഴും ഓഖി ദുരന്തത്തില്‍ 91 പേരെ കാണാതായപ്പോഴും വ്യാകുലപ്പെടുകയോ പൂങ്കണ്ണീരൊഴുക്കുകയോ ചെയ്യാത്തവര്‍,  ലക്ഷങ്ങള്‍ കോഴ കൊടുത്ത് സീറ്റുവാങ്ങിയവര്‍ക്കു വേണ്ടി കണ്ണീരൊഴുക്കുന്നു.  ഇനി ഒരു പിഴ കൂടി ചുമത്തിയാല്‍ പഴിയും തീരും. 

ടി. സംഗമേശന്‍, 

താഴെക്കാട്, തൃശൂര്‍

അനുമോദനാര്‍ഹം ഈ നടപടി 

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പരിപൂര്‍ണ്ണമായും തടസ്സപ്പെട്ട പശ്ചാത്തലത്തില്‍ ആദ്യ ദിവസങ്ങളിലെ ശമ്പളവും അലവന്‍സും വേണ്ടെന്നു വെക്കാന്‍ ഭരണസഖ്യമായ എന്‍ഡിഎയിലെ എംപിമാര്‍ തീരുമാനിച്ചത്  അഭിനന്ദനാര്‍ഹമായി. 

ബിജെപിയിലെയും ഘടക കക്ഷികളിലേയും എംപിമാര്‍ 23 ദിവസങ്ങളിലെ ആനുകൂല്യങ്ങളാണ് ഉപേക്ഷിക്കുക. ജോലി ചെയ്തില്ലെങ്കില്‍ കൂലിയില്ലെന്ന വ്യവസ്ഥ കേരളത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയത് സിപിഐയിലെ സി. അച്ച്യുത മേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ഇതിനെതിരെ സിപിഎം കടുത്ത എതിര്‍പ്പുമായി മുന്നോട്ട് വന്നെങ്കിലും ഉറച്ച് നിന്ന അച്ച്യുത മേനോന്റെ 'ഡയസ് നോണ്‍' പിന്നീട് അധികാരത്തിലേറുമ്പോഴെല്ലാം സിപിഎം മന:സാക്ഷിക്കുത്തില്ലാതെ അംഗീകരിച്ചു പോന്നു. 

അധ്യാപക- എന്‍ജിഒ സമരത്തിനിടയിലാണ് അച്ച്യുത മേനോന്‍ ആദ്യമായി കേരളത്തില്‍ 'ഡയസ് നോണ്‍' നടപ്പിലാക്കിയത്. അന്ന് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നഷ്ടപ്പെട്ട ശമ്പളം തങ്ങള്‍ അധികാരത്തിലേറിയാല്‍ ഉടന്‍ തിരികെ നല്‍കുമെന്ന് സിപിഎം ആണയിട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും  അധികാരത്തിലേറിയപ്പോള്‍ വേതനം തിരിച്ചുനല്‍കിയില്ലെന്ന് മാത്രമല്ല, ആ നിയമത്തെ മടിയിലിരുത്തി ലാളിച്ച് സ്വന്തമാക്കുകയയും ചെയ്തു. ഇന്നും ആ നിയമം പോറലില്ലാതെ നിലനില്‍ക്കുന്നു.

സി.പി ഭാസ്‌കരന്‍, 

നിര്‍മ്മലഗിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.