28 ഹൈസ്‌കൂളുകള്‍ക്ക് ജില്ലാ പഞ്ചായത്ത് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു

Tuesday 17 April 2018 10:48 pm IST

 

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന് കീഴിലെ 28 ഹൈസ്‌കൂളുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിച്ചു. 2017-18 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് അന്താരാഷ്ട്ര പദവിയിലേക്കുയര്‍ത്തിയ 23 സ്‌കൂളുകള്‍ക്കും മറ്റ് അഞ്ച് സ്‌കൂളുകള്‍ക്കും ക്രിക്കറ്റ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ഫുട്ബാള്‍, ഹാന്‍ഡ്ബാള്‍, ഹര്‍ഡില്‍സ് ഉപകരണങ്ങള്‍ നല്‍കിയത്. കണ്ണാടിപ്പറമ്പ് എച്ച്എസ്എസ് ആദ്യകിറ്റ് ഏറ്റുവാങ്ങി. ഈ സാമ്പത്തിക വര്‍ഷം ശേഷിച്ച മുഴുവന്‍ ഹൈസ്‌കൂളുകള്‍ക്കും സ്‌പോര്‍ട്‌സ് കിറ്റ് നല്‍കുമെന്ന് പ്രസിഡന്റ് അറിയിച്ചു. 

സ്‌കൂളുകളിലെ സ്പില്‍ ഓവര്‍ പ്രവൃത്തികളുടെ അവലോകനവും ഇതോടനുബന്ധിച്ച് നടന്നു. സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ മെയ് 30നകം ചെയ്തു തീര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവധിക്കാലത്ത് തന്നെ പ്രവൃത്തികള്‍ നടത്തണം. സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതക്കുറവ് കാണിക്കരുത്. സ്‌കൂളിലെ പ്രവൃത്തികള്‍ അനന്തമായി നീണ്ടുപോവുന്നത് ഒഴിവാക്കണം. സര്‍ക്കാര്‍ അനുവദിക്കുന്ന പണത്തിന്റെ പ്രയോജനം വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കപ്പെടരുത്. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം 25,000 കുട്ടികളെ കൂടുതലായി ചേര്‍ക്കാനായി കാമ്പയിന്‍ നടത്തും. സ്‌കൂളുകള്‍ പരസ്യം തയാറാക്കുമ്പോള്‍ ഫഌക്‌സുകള്‍ ഒഴിവാക്കണമെന്നും പ്രസിഡന്റ് നിര്‍ദേശിച്ചു.

വൈസ് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ജയബാലന്‍, ടി.ടി.റംല, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, പി.പി.ഷാജിര്‍, അന്‍സാരി തില്ലങ്കേരി, സെക്രട്ടറി വി.ചന്ദ്രന്‍, ഡിഡിഇ ഇന്‍ ചാര്‍ജ് സി.പി.പത്മരാജ്, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.വി.സജീവന്‍, സ്‌കൂളുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.