ജനങ്ങള്‍ക്കുവേണ്ടി ധീരമായ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥര്‍ അംഗീകരിക്കപ്പെടണം: ജില്ലാ കലക്ടര്‍

Tuesday 17 April 2018 10:51 pm IST

 

കണ്ണൂര്‍: ജനങ്ങള്‍ക്കു വേണ്ടി ധീരവും സാഹസികവുമായ തീരുമാനങ്ങളെടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അംഗീകരിക്കപ്പെടണമെന്ന് ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ച വിവരങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്നതിനുള്ള വികാസ് പീഡിയ പദ്ധതിയുമായി ബന്ധപ്പെട്ട ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നടപടികളും ആക്ഷേപങ്ങളും ഭയന്ന് സാധാരണക്കാര്‍ക്കനുകൂലമായ തീരുമാനങ്ങളെടുക്കാന്‍ വിമുഖത കാണിക്കുന്ന പ്രവണത സര്‍ക്കാര്‍ സര്‍വീസില്‍ കണ്ടുവരുന്നുണ്ട്. എന്നാല്‍ വലിയ റിസ്‌ക്കെടുത്ത് ജനങ്ങള്‍ക്കനുകൂലമായി തീരുമാനങ്ങളെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുമുണ്ട്. അത്തരക്കാര്‍ക്ക് നല്ല പ്രോല്‍സാഹനം ലഭിക്കണം. ചെയ്യേണ്ട ജോലിയാണെങ്കിലും അവ നല്ല രീതിയില്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ അംഗീകരിക്കുന്നതിനും അതോടൊപ്പം വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനും വി ആര്‍ കണ്ണൂര്‍ ആപ്ലിക്കേഷനില്‍ സംവിധാനമുണ്ടെന്നും അവ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടിവരുന്നതായും അദ്ദേഹം പറഞ്ഞു. 

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുള്ള വി ആര്‍ കണ്ണൂര്‍ മൊബൈല്‍ ആപ്പിന് വന്‍ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള നിരവധി പ്രതികരണങ്ങള്‍ ആപ്പ് വഴി ലഭിക്കുന്നുണ്ട്. ആളുകള്‍ സേവനം നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഇതിലൂടെ മനസ്സിലാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഏകദിന ശില്‍പശാലയില്‍ എ.ഡി.എം. ഇ.മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. വികാസ്പീഡിയ സ്‌റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു വിഷയാവതരണം നടത്തി. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് ഡിജിറ്റല്‍ ഇന്‍ഡ്യയുമായി ബന്ധപ്പെട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇഗവേണന്‍സ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ സി.എം. മിഥുന്‍ കൃഷ്ണ ആമുഖ പ്രഭാഷണം നടത്തി. പ്ലാനിംഗ് ഓഫീസറും ജില്ലാ അക്ഷയ കോഡിനേറ്ററുമായ കെ.പ്രകാശന്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി.പി.അബ്ദുല്‍ കരീം, ജില്ലാ ഐ.ടി.സെല്‍ കോഡിനേറ്റര്‍ ഉമര്‍ ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു. 

കേരള സര്‍ക്കാറിന്റെ പ്രധാന പദ്ധതികളായ എം കേരള, കേരള പബ്ലിക് വൈഫൈ, ജില്ലാ ഭരണകൂടത്തിന്റെ വി ആര്‍ കണ്ണൂര്‍ മൊബൈല്‍ ആപ്പ് എന്നിവയെ കുറിച്ച് മിഥുന്‍ കൃഷ്ണ സി.എം ക്ലാസ്സെടുത്തു. സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ ടി.മനോജ് (ജി.എസ്.ടി), എം.വി.ഐ. ബേബി ജോണ്‍ (മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍), ഷാജി അലക്‌സ് (അക്ഷയ സേവനങ്ങള്‍), ടെക്‌നിക്കല്‍ ഹെഡ് ജുബിന്‍ അഗസ്റ്റ്യന്‍ (വികാസ് പീഡിയ) എന്നിവരും വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. അനധികൃത ഓണ്‍ ലൈന്‍ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ ചൂഷണത്തിന് വിധേയരാവുന്നുണ്ടെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കണമെന്നും ശില്‍പ്പശാലയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.