തലശ്ശേരി കടല്‍ഭിത്തി നിര്‍മ്മാണം സര്‍ക്കാര്‍ വാക്കു പാലിച്ചില്ല: മത്സ്യമാര്‍ക്കറ്റും ജനറല്‍ ആശുപത്രിയും അപകട ഭീഷണിയില്‍

Tuesday 17 April 2018 10:56 pm IST

 

തലശ്ശേരി: തിങ്കളാഴ്ച രാത്രിപെയ്ത മഴയില്‍ ശക്തമായി തിരയെത്തിയതിനെ തുടര്‍ന്ന് തലശ്ശേരി മത്സ്യ മാര്‍ക്കറ്റിന്റെ പരിസരങ്ങളെ കടലെടുത്തു. മത്സ്യത്തൊഴിലാളികളുടെ വലകളും മറ്റു ഉപകരണങ്ങളും സൂക്ഷിച്ച ടെന്റുകളും സമീപത്തെ മരങ്ങളും കടലിനടിയിലായി. മത്സ്യമാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന ഭിത്തികളില്‍ തുരങ്കം രൂപപ്പെട്ടു. തുരങ്കത്തിലൂടെ ശക്തമായി അടിച്ചു കയറുന്ന തിരമാലകളില്‍പ്പെട്ട് മാര്‍ക്കറ്റിനു സമീപത്തെ മണ്ണൊലിച്ച് കടലില്‍ പതിച്ചിരിക്കുന്നു. കരയുടെ ഭൂരിഭാഗവും കടലെടുത്തപ്പോള്‍ സമീപത്തെ വൈദ്യുതി ട്രാന്‍സ് ഫോര്‍മര്‍ ഏതു നേരവും കടലില്‍ പതിക്കുന്ന അവസ്ഥയിലാണ്. കൂടാതെ വൈദ്യുതി തൂണുകളും അപകടത്തിലാണ്. തലശ്ശേരി കടല്‍ പാലം മുതല്‍ ജവഹര്‍ ഘട്ട് വരെയുള്ള കടല്‍തീരമാണ് കടല്‍ ഭിത്തി സ്ഥാപിക്കാത്തതിനാല്‍ അപക ഭീഷണി നേരിടുന്നത്. 

കടലാക്രമണ ഭീഷണിയെക്കുറിച്ച് വിലയിരുത്താന്‍ തലശ്ശേരി എം. എല്‍ എയും ഉദേ്യാഗസ്ഥരും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കടല്‍തീരം സന്ദര്‍ശിക്കുകയും പരിഹാരമായി രണ്ട്‌കോടി 47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തീരം സംരക്ഷിക്കാന്‍ ഗ്യാബിയോണ്‍ ബോക്‌സ് സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും പ്രവര്‍ത്തി ആരംഭിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ആവശ്യമായ നീക്കങ്ങള്‍ ഒന്നും ഇല്ലാത്തത് മത്സ്യത്തൊഴിലാളികളിലും സമീപ വാസികളിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കാലം വര്‍ഷം സമാഗതമായിരിക്കെ കടല്‍ ഭിത്തി സ്ഥാപിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാത്തപക്ഷം തീരം മുഴുവനായും കടലെടുക്കാന്‍ ഇടയുണ്ട്. 

ക്വാറികളില്‍ നിന്നും ആവശ്യത്തിന് കരിങ്കല്ലുകള്‍ ലഭ്യമാകാത്തതും കടല്‍ഭിത്തി നിര്‍മ്മാണത്തിന് തടസ്സമാവുന്നുണ്ട്. കാല വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ടെണ്ടര്‍ വിളിച്ചാല്‍ മാത്രമെ പ്രവര്‍ത്തി ആരംഭിക്കാനാവൂ. കുറഞ്ഞത് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് കരാര്‍ വ്യവസ്ഥ. വസ്തുതകള്‍ ഇതായിരിക്കെ വരാന്‍ പോകുന്നകാലവര്‍ഷത്തെ ഭീതിയോടെയാണ് മത്സ്യത്തൊഴിലാളികളും വ്യാപാരികളും കാണുന്നത്. 255 മീറ്റര്‍ നീളത്തിലാണ് നിലവില്‍ ക്യാബിയോണ്‍ ബോക്‌സുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.