ഹര്‍ത്താലിന് പിന്തുണ; അറസ്റ്റിലായവര്‍ക്ക് നിയമസഹായമെന്നും എസ്ഡിപിഐ

Wednesday 18 April 2018 2:37 am IST

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന് പിന്തുണയുമായി എസ്ഡിപിഐ. ഹര്‍ത്താലിനിടയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കുമെന്നും എസ്ഡിപിഐ നേതാക്കള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്ത് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ എസ്ഡിപിഐക്കാര്‍ മാത്രമല്ല, ലീഗുകാരും സിപിഎമ്മുകാരുമുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് പി. അബ്ദുള്‍ മജീദ് ഫൈസി ആരോപിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമുദായിക സംഘടനയുടെയും നിയന്ത്രണത്തിലും അച്ചടക്കത്തിലും അതീതമായി ഉണ്ടായ യുവജനകൂട്ടായ്മയാണത്. ദോഷവശങ്ങള്‍ ധാരാളമുണ്ടെങ്കിലും ഹര്‍ത്താല്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഹര്‍ത്താലിന്റെ വിജയത്തില്‍ വിറളിപൂണ്ട സംഘടനകള്‍ ഉണ്ടാക്കിയെടുത്തതാണ് സംഘര്‍ഷങ്ങള്‍. മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ സംഘടന നടപടി സ്വീകരിക്കും. 

സൈബര്‍ യുവജന കൂട്ടായ്മയുടേതായിരുന്നു ഹര്‍ത്താലെന്ന് എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വാദിച്ചു. നവജാഗരണമാണ് ഉണ്ടായിരിക്കുന്നത്. ഈ ഉണര്‍വിനെ തല്ലിയൊതുക്കാന്‍ പോലീസ് ശ്രമിച്ചാല്‍ യുവാക്കള്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കും. ഹര്‍ത്താല്‍ നടത്തണമെങ്കില്‍ ഔദ്യോഗികമായി നടത്താനുള്ള ധൈര്യമുണ്ട്. ആരുടെയും ഔദാര്യത്തില്‍ നടത്തേണ്ടതില്ല. എറണാകുളം നഗരം ഒഴികെ കേരളത്തിലെ ഗ്രാമനഗരപ്രദേശങ്ങളെ നിശ്ചലമാക്കാനുള്ള ശക്തി സംഘടനക്കുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. കാശ്മീര്‍ സംഭവവുമായി ബന്ധപ്പെട്ട് 19ന് കോഴിക്കോട്ട് റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.