സിപിഎം സംഘടനാ റിപ്പോര്‍ട്ട് പുറത്ത്; 'പാര്‍ട്ടിക്ക് അടിത്തറയില്ല'

Wednesday 18 April 2018 2:39 am IST

ന്യൂദല്‍ഹി: പാര്‍ട്ടിയുടെ ബഹുജനാടിത്തറയും ശക്തിയും ചോര്‍ന്നുപോകുന്നതായി ഹൈദരാബാദില്‍ ഇന്നാരംഭിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനം. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ പാര്‍ട്ടിയുടെ അടിത്തറ ഇളക്കിക്കഴിഞ്ഞു. ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങള്‍ തിരിച്ചുവരവ് സാധ്യമല്ലാത്തവിധം നഷ്ടമായിക്കഴിഞ്ഞെന്ന് വ്യക്തമാക്കുന്ന സംഘടനാ റിപ്പോര്‍ട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. 

സിപിഎമ്മിനെ രക്ഷിക്കാനായി കുറുക്കുവഴികളൊന്നുമില്ല. പാര്‍ട്ടിയുടെ കേന്ദ്രനേതാക്കളടക്കം നിരന്തരമായി അച്ചടക്ക ലംഘനം നടത്തുന്നു. യാതൊരു നിയന്ത്രണവുമില്ലാത്ത സംസാരമാണ് കേന്ദ്രനേതാക്കളില്‍ നിന്നുണ്ടാകുന്നത്. കേന്ദ്രീകൃതമായ ജനാധിപത്യ രീതി വേണ്ടെന്ന് വെച്ചുകൊണ്ടാണ് ചില നേതാക്കള്‍ മുന്നോട്ടുപോകുന്നത്. ജനറല്‍ സെക്രട്ടറിയും അംഗങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത പലപ്പോഴും പരസ്യമായി. 

പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന ഓഫീസുകളില്‍ നിന്ന് പോലും വാര്‍ത്തകള്‍ ചോരുന്നുണ്ട്. പാര്‍ട്ടിതലത്തിലെ ചര്‍ച്ചകളും വിവരങ്ങളും മാധ്യമങ്ങളില്‍ അതേപടി വരുന്നു. ആസൂത്രിതമാണ് ഇത്തരം കാര്യങ്ങളെന്നുറപ്പാണ്. ബംഗാള്‍ ഘടകം കേന്ദ്രനേതൃത്വത്തിന് വിരുദ്ധമായി പ്രസ്താവനകള്‍ നടത്തിയതിനെയും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്. 

കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന സിപിഐയുടെ നിലപാടിനോട് യോജിക്കാനാവില്ലെങ്കിലും ഇടത് ഐക്യം എന്നത് സിപിഐ കൂടി ഉണ്ടെങ്കിലേ സാധ്യമാകൂ. കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച അഭിപ്രായ വ്യത്യാസം ഇടത് പാര്‍ട്ടികളുടെ ഐക്യത്തെ ബാധിച്ചിട്ടുണ്ട്. ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും പോയത് അടക്കം ഇടത് ഐക്യത്തെ ബാധിച്ചതായും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നാരംഭിക്കുന്ന അഞ്ചു നാള്‍ നീണ്ടുനില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയെയും കേന്ദ്രകമ്മറ്റിയെയും പ്രഖ്യാപിക്കും. 

യെച്ചൂരിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദത്തില്‍ രണ്ടാമൂഴം നല്‍കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 765 പ്രതിനിധികളില്‍ ഏറ്റവുമധികം പേര്‍ ഇടതുഭരണം അവശേഷിക്കുന്ന കേരളത്തില്‍ നിന്നാണ്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുമ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബദല്‍ രാഷ്ട്രീയ രേഖ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് യെച്ചൂരിയുടെ സ്ഥാനഭ്രംശം ഉറപ്പാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.