അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ ദേശവിരുദ്ധ ശക്തികള്‍: കുമ്മനം

Wednesday 18 April 2018 2:54 am IST

താനൂര്‍(മലപ്പുറം): അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടത് ദേശവിരുദ്ധ ശക്തികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനും പോലീസിനും അറിവുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നിന്നതിന്റെ ഫലമാണ് സംസ്ഥാനത്ത് വ്യാപകമായി അക്രമം ഉണ്ടാകാന്‍ കാരണം.

തിരൂര്‍, താനൂര്‍ മേഖലകളില്‍ അക്രമത്തിനിരയായ വീടുകളും കടകളും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ത്താലിന് രണ്ട്ദിവസം മുമ്പ് മുതല്‍ തയ്യാറെടുപ്പും മുന്നൊരുക്കങ്ങളും ആസൂത്രണവും നടന്നിരുന്നു. അക്രമ പ്രവര്‍ത്തനങ്ങളുടെ ഉറവിടം കണ്ടെത്തണം. പോലീസ് സേനയില്‍ നുഴഞ്ഞു കയറിയിട്ടുള്ള ചില തീവ്രവാദികളും ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് സഹായകമായ നിലപാടാണ് സ്വീകരിച്ചത്. ഇത് പോലീസ് സേനക്കാകെ നാണക്കേടും അപകീര്‍ത്തിയും വരുത്തിവെച്ചു. അധികാരികളുടെ അനാസ്ഥയും അക്രമം വ്യാപകമാകാന്‍ കാരണമായി. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമത്തെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണം. 

അറസ്റ്റിലായവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്ത് എന്‍ഐഎക്ക് കൈമാറണം. വലിയ ആസൂത്രണത്തോടെ കലാപം നടത്താനുള്ള ശ്രമമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇതിനെ തടയാന്‍ ശ്രമിക്കാത്ത ആഭ്യന്തര വകുപ്പ് വന്‍ പരാജയമാണ്. ബിജെപിയെ നേരിടാന്‍ തീവ്രവാദികളെ ഇരുമുന്നണികളും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. അക്രമത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം. 

അക്രമികള്‍ക്ക് പിന്തുണ നല്‍കിയത് കോണ്‍ഗ്രസ്, സിപിഎം നേതാക്കളാണ്. അതിന്റെ തെളിവാണ് മലപ്പുറത്തെ സിപിഎം നേതാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നത്. ഇതേപ്പറ്റിയെല്ലാം അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.