ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Wednesday 18 April 2018 3:24 am IST

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ  ശ്രീജിത്തിനെ പോലീസ് ഉരുട്ടിക്കൊല്ലുകയായിരുന്നു എന്നതിന്  തെളിവായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രീജിത്തിന്റെ രണ്ട് തുടകളിലും ഗുരുതരമായി ക്ഷതമേറ്റത് പോലീസുകാര്‍ ക്രൂരമായി രീതിയില്‍ ഉരുട്ടല്‍ നടത്തിയതിനെ തുടര്‍ന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

ഇടിയോ തൊഴിയോ ഏറ്റ് ചെറുകുടല്‍ പൊട്ടിയതുമാത്രമല്ല, ലോക്കപ്പിനുളളില്‍ കടുത്ത പോലീസ് മുറകള്‍ക്കും വിധേയനായതാണ് മരണകാരണം.  തുടകളുടെ മുകളില്‍  ഒരേ പോലെയുളള ചതവിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രീജിത്തിന്റെ ശരീരത്തില്‍ 18 ക്ഷതങ്ങള്‍ ഉണ്ടായിരുന്നു.

ലാത്തിപോലുള്ള വസ്തുക്കള്‍ അതിശക്തമായി  ഉരുട്ടിയതിനാലാണ്  തുടകളിലും സമാനമായ രീതിയിലുള്ള ക്ഷതങ്ങള്‍ ഉണ്ടായതെന്നാണ്  പ്രത്യേക അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.  ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അഞ്ചംഗ  മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. 

വീട്ടില്‍ നിന്ന് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടൈഗര്‍ ഫോഴ്സ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ തന്നെ ശ്രീജിത്തിന് മര്‍ദ്ദനമേറ്റിരുന്നുവെന്നാണ് സ്റ്റേഷനിലെ പോലീസിന്റെ നിലപാട്. എന്നാല്‍, തങ്ങള്‍ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ടൈഗര്‍ ഫോഴ്സിന്റെ മൊഴി. ശ്രീജിത്ത്   കസ്റ്റഡിയില്‍ വച്ച് ഉരുട്ടല്‍ അടക്കമുള്ള ക്രൂരമര്‍ദ്ദനത്തിന് വിധേയനാകേണ്ടിവന്നുവെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരാപ്പുഴ സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള പോലീസുകാരെയും  പ്രതിക്കൂട്ടിലാക്കുന്നു. രണ്ടു കൂട്ടരും ഇയാളെ തല്ലിച്ചതച്ചുവെന്നാണ് സംശയം.

പോലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. ഇവരുടെ മൊബൈല്‍ കോള്‍ ലിസ്റ്റും സംഘം പരിശോധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.