അപ്രഖ്യാപിത ഹര്‍ത്താല്‍; തീവ്രവാദ ബന്ധം പോലീസ് സമ്മതിച്ചു

Wednesday 18 April 2018 3:29 am IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ അപ്രഖ്യാപിത ഹര്‍ത്താലിന്  തീവ്രവാദബന്ധം ഉണ്ടെന്ന് സൂചന. എന്‍ഐഎ രംഗത്തുവരാന്‍ സാധ്യതയുള്ളതിനാല്‍ ഹര്‍ത്താലിലെ തീവ്രവാദബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം പ്രത്യേക സംഘത്തിന് രൂപം നല്‍കി. പ്രാഥമിക പരിശോധനയില്‍, പരിശീലനം ലഭിച്ച ഐഎസ്‌പോലുള്ള  ഭീകര സംഘടനകളില്‍പ്പെട്ടവര്‍  നടത്തുന്ന തരത്തില്‍  ഇസ്ലാമിക തീവ്രവാദികള്‍ ഹര്‍ത്താലിന്റെ മറവില്‍  അഴിഞ്ഞാടിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

   കാശ്മീരിലെ കാത്വയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി മരിക്കാനിടയായതില്‍ പ്രതിഷേധിച്ച് സമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഹര്‍ത്താല്‍ ആഹ്വാനം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കാര്യമാക്കിയില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഇല്ലെന്നതാണ്  കാരണം. എന്നാല്‍  മുമ്പെങ്ങും കാണാത്തതരത്തിലുള്ള അക്രമ സംഭവങ്ങളാണ് ഹര്‍ത്താലിന്റെ മറവില്‍ നടന്നത്. പോലീസും ഇത് സമ്മതിക്കുന്നു.

  കാശ്മീരില്‍ ഭീകര സംഘടനകള്‍  സമൂഹ്യമാധ്യമങ്ങള്‍ വഴി ഹര്‍ത്താലിന് ആഹ്വാനം നല്‍കാറുണ്ട്. ഇത്തരം  ഹര്‍ത്താലുകള്‍ സമാധാനപരമല്ല. പോലീസും സൈന്യവുമായി ഹര്‍ത്താല്‍ അനുകൂലികള്‍  അവിടെ ഏറ്റുമുട്ടാറുണ്ട്. അതേ രീതിയിലായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടന്ന അക്രമവും പോലീസുമായുള്ള ഏറ്റുമുട്ടലും. ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും തെരഞ്ഞുപിടിച്ച് ആക്രമിച്ചു.  ജനക്കൂട്ടമല്ലാതെ ഏതാനും പേര്‍ ബൈക്കുകളില്‍ എത്തിയായിരുന്നു അക്രമം. പല പ്രദേശങ്ങളിലും പോലീസ്  കാഴ്ചക്കാരായിരുന്നു. 

   ഇസ്ലാമിക തീവ്രവാദികള്‍  തിങ്ങിപ്പാര്‍ക്കാത്ത സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ ദിവസം ലഭിച്ച പ്രതികരണവും തീവ്രവാദ സംഘം വിലയിരുത്തിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ട യുവാക്കളെയും അക്രമത്തിനു കൂടെ കൂട്ടി. ഇവരുടെ പേരുകള്‍ പോലീസിനു നല്‍കുകയും ചെയ്തു. ഹര്‍ത്താല്‍ മതേതരമെന്ന് കാണിക്കുന്നതോടൊപ്പം  പോലീസ് പിടികൂടൂമ്പോള്‍ അവര്‍ക്ക് നിയമസഹായം നല്‍കി ഭാവിയില്‍ തങ്ങളുടെ കൂടെ കൂട്ടാനുള്ള പദ്ധതിയാണ് ഇതിനു പിന്നില്‍. ഇതിനായി  ഇസ്ലാമിക സംഘടനകള്‍ ലക്ഷങ്ങള്‍ ചെലഴിക്കുന്നുണ്ട്. 

  ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. ഇതിലേക്കായി രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.