പെലെ വരവറിയിച്ച കപ്പ്

Wednesday 18 April 2018 4:11 am IST

ആറാമത് ലോകകപ്പ് ഫുട്‌ബോൡന്റെ (1958) ആതിഥേയര്‍ സ്വീഡനായിരുന്നു. പതിനാറു ടീമുകളാണ് സ്വീഡനിലും ഫൈനല്‍ റൗണ്ടില്‍ കളിച്ചത്. 

സ്വീഡനും പശ്ചിമ ജര്‍മനിയും നേരിട്ട്, പിന്നെ അര്‍ജന്റീന, ആസ്ട്രിയ, ബ്രസീല്‍, ചെക്കോസ്ലോവാക്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഹംഗറി, മെക്‌സിക്കോ, വടക്കന്‍ അയര്‍ലന്‍ഡ്്, പരാഗ്വെ, സ്‌കോട്ട്‌ലന്‍ഡ്്, സോവിയറ്റ് യൂണിയന്‍, വെയ്ല്‍സ്, യൂഗോസ്ലാവ്യ. ജൂണ്‍ 8 മുതല്‍ 29 വരെ 12 നഗരങ്ങളിലെ 12 സ്‌റ്റേഡിയങ്ങളില്‍ 35 പോരാട്ടങ്ങള്‍. മൂന്നു ഹാട്രിക്കുകള്‍, 126 ഗോളുകള്‍. 

ലോകഫുട്‌ബോൡന്റെ ചക്രവര്‍ത്തിപദം അലങ്കരിച്ച പെലെ എന്ന ഇതിഹാസതാരം ഉദിച്ചുയരുകയായിരുന്നു ഈ ലോകകപ്പിലൂടെ. മൂന്ന് ബഹുമതികളാണ് ആദ്യ ലോകകപ്പില്‍ പെലെ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഫൈനലില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. 18 വയസ്സുപോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല പെലെയ്ക്ക്. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന പെലെയുടെ ആദ്യ ലോകകപ്പ് പോരാട്ടം ജൂണ്‍ 15ന് സോവിയറ്റ് യൂണിയനെതിരെയായിരുന്നു. ഗോളടിച്ചില്ല പെലെ. പക്ഷേ, വാവ നേടിയ രണ്ടാം ഗോളിന് വഴിയൊരുക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയ്ല്‍സിനെതിരെയാണ് പെലെ തന്റെ ആദ്യ ലോകകപ്പ് ഗോള്‍ നേടിയത്.

ഓരോ ഗ്രൂപ്പിലെയും നാല് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടണം എന്നതായിരുന്നു വ്യവസ്ഥ. നാല് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും.

ഈ ലോകകപ്പിലാണ് ആദ്യത്തെ ഗോള്‍രഹിത സമനില പിറന്നത്. ബ്രസീല്‍-ഇംഗ്ലണ്ട് മുഖാമുഖത്തിലാണ് ഇരുവശത്തും വല ചലിക്കാതിരുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ് 4-0ന് വടക്കന്‍ അയര്‍ലന്‍ഡിനെയും സ്വീഡന്‍ 2-0ന് സോവിയറ്റ് യൂണിയനെയും ബ്രസീല്‍ 1-0ന് വെയ്ല്‍സിനെയും പശ്ചിമ ജര്‍മ്മനി 1-0ന് യൂഗോസ്ലാവിയയെയും കീഴടക്കി സെമിഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ്രഫാന്‍സിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീലും ചാമ്പ്യന്മാരായ പശ്ചിമ ജര്‍മ്മനിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സ്വീഡനും കലാശക്കളിക്ക് അര്‍ഹത നേടി.

 ഫ്രാന്‍സിനെതിരെയായിരുന്നു പെലെയുടെ ഹാട്രിക്ക്. 52, 64, 75 മിനിറ്റുകളിലാണ് ഫ്രഞ്ച് വലകുലുക്കിയത്. ഫൈനലില്‍ ആതിഥേയരായ സ്വീഡനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കീഴടക്കി ചരിത്രത്തിലാദ്യമായി ബ്രസീല്‍ യൂള്‍റിമേ കപ്പില്‍ മുത്തമിട്ടു. നില്‍സ് ലീഡ്‌ഹോം നേടിയ ഗോളിന് മുന്നിട്ടുനിന്നശേഷമാണ് സ്വീഡന്‍ തോല്‍വി വഴങ്ങിയത്. ബ്രസീലിന് വേണ്ടി 9, 32 മിനിറ്റുകളില്‍ വാവയും, 55, 90 മിനിറ്റുകളില്‍ പെലെയും 68-ാം മിനിറ്റില്‍ മരിയോ സഗല്ലോയും ഗോളുകള്‍ നേടിയപ്പോള്‍ സ്വീഡന്റെ രണ്ടാം ഗോള്‍ നേടിയത് 80-ാം മിനിറ്റില്‍ സിമണ്‍സനാണ്. ഫൈനലില്‍ ഗോള്‍ നേടുമ്പോള്‍ പെലെയുടെ പ്രായം 17 വയസ്സും 249 ദിവസവും. 

ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള സ്വര്‍ണ്ണപ്പന്ത് ബ്രസീലിയന്‍ പ്ലേമേക്കര്‍ ദിദി (വാള്‍ഡിര്‍ പെരേര) സ്വന്തമാക്കി.  ടോപ്‌സ്‌കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകവും രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 13 ഗോളുകള്‍ നേടിയ  ഫൊണ്ടെയ്ന്‍ പോക്കറ്റിലാക്കി. ആറ് മത്സരങ്ങളില്‍ നിന്നാണ് ഫൊണ്ടെയ്ന്‍ ഇത്രയും ഗോളുകള്‍ നേടിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇന്നും ഫൊണ്ടെയ്‌ന്റെ കൈയില്‍ ഭദ്രമാണ്. ആറ് ഗോളുകളോടെ പെലെയും പശ്ചിമ ജര്‍മ്മനിയുടെ ഹെല്‍മറ്റ് റാനും രജത പാദുകവും അഞ്ച് ഗോളുകളോടെ ബ്രസീലിന്റെ വാവയും വടക്കന്‍ അയര്‍ലന്റിന്റെ പീറ്റര്‍ മക്പാര്‍ലാന്റ് വെങ്കല പാദുകവും പങ്കിട്ടു. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയത് വടക്കന്‍ അയര്‍ലന്‍ഡിന്റെ ഹാരി ഗ്രെഗാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.