കഠ്‌വ പീഡനം: ഇരയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് 10 ലക്ഷം പിഴ

Wednesday 18 April 2018 12:50 pm IST

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരി പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം പിഴ ചുമത്തി ദല്‍ഹി ഹൈക്കോടതി. മലയാള മനോരമയുടെ കീഴിലുള്ള ദ വീക്ക് വാരിക, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ഹിന്ദു, എന്‍ഡിടിവി, റിപ്പബ്ലിക് ടിവി, സ്‌റ്റേറ്റ്‌സ്മാന്‍, പയനിയര്‍, ടൈംസ് ഓഫ് ഇന്ത്യ, ഡക്കാണ്‍ ക്രോണിക്കിള്‍, ഫസ്റ്റ് പോസ്റ്റ്, നവഭാരത് ടൈംസ്  തുടങ്ങിയ പന്ത്രണ്ട് മാധ്യമങ്ങള്‍ക്കെതിരെയാണ് ആദ്യഘട്ട നടപടി.

കേരളത്തിലെ നിരവധി മാധ്യമങ്ങള്‍ ഇതേ തെറ്റ് ആവര്‍ത്തിച്ചുകൊണ്ട് വര്‍ഗ്ഗീയ പ്രചാരണത്തിന് ശ്രമിച്ചിരുന്നു. ഇവര്‍ക്കെതിരായ നിയമ നടപടികളും പുരോഗമിക്കുകയാണ്. രാജ്യത്തെ ഏതെങ്കിലും മാധ്യമം ഇനി തെറ്റാവര്‍ത്തിച്ചാല്‍ പത്രാധിപര്‍ ആറുമാസം ജയില്‍ ശിക്ഷ അനുഭവിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ദേശീയ മാധ്യമങ്ങളില്‍ പെണ്‍കുട്ടിയുടെ പേരും ചിത്രവും വന്നതിന്റെ പേരില്‍ ചുമത്തുന്ന പിഴത്തുക കത്വയിലെ പെണ്‍കുട്ടിയുടെ പേരില്‍ ആരംഭിക്കുന്ന ദുരിതാശ്വാസനിധിയിലേക്ക് ചേര്‍ക്കുമെന്ന് ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അറിവില്ലായ്മ കൊണ്ട് സംഭവിച്ചുപോയ തെറ്റാണിതെന്നും മാപ്പ് നല്‍കണമെന്നും മാധ്യമങ്ങള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പെണ്‍കുട്ടി മരിച്ചു പോയതിനാലാണ് പേര് കൊടുത്തതെന്ന വിചിത്ര വാദവും മാധ്യമങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ ചീഫ് ജസ്റ്റിസ് ഗീതാമിത്തലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇത്തരം വാദങ്ങളെല്ലാം തള്ളിക്കളഞ്ഞു.

ഒരാഴ്ചയ്ക്കകം പിഴത്തുകയായ പത്തുലക്ഷം വീതം മാധ്യമങ്ങള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് നല്‍കണം. ഈ തുക ജമ്മു കശ്മീര്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വഴി പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കും. കുട്ടിയുടെ പേരും ചിത്രങ്ങളും രാജ്യവ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ വനിതാ-ശിശുക്ഷേമ കമ്മീഷനുകള്‍ നടപടിയെടുക്കാത്തതിനെയും ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. 

മാധ്യമങ്ങള്‍ യാതൊരു മര്യാദയും കാണിച്ചില്ലെന്നും നിയമലംഘനമാണ് നടന്നതെന്നും ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചുകൊണ്ട് കുറ്റപ്പെടുത്തിയിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന 2012ലെ നിയമത്തിലെ 23-ാം വകുപ്പ് പ്രകാരം പേര്, വിലാസം, ഫോട്ടോ, കുടുംബ വിവരങ്ങള്‍, സ്‌കൂളുകള്‍, അയല്‍ക്കാരെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയൊന്നും മാധ്യമങ്ങള്‍ നല്‍കരുതെന്ന് വ്യവസ്ഥയുണ്ട്. 

ഇതു ലംഘിച്ചുകൊണ്ട് ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. കുറ്റം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണിത്. കേസ് ഇനി 25ന് പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.