കീഴാറ്റൂരിലെ ജാള്യത മറയ്ക്കാന്‍ പരിസ്ഥിതി സംരക്ഷണ കാമ്പയിനുമായി സിപിഎം

Wednesday 18 April 2018 3:03 am IST

കണ്ണൂര്‍: കീഴാറ്റൂരില്‍ ഒറ്റപ്പെട്ട സിപിഎം പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനുമായി രംഗത്ത്. കീഴാറ്റൂരില്‍ പാര്‍ട്ടി കൈക്കൊണ്ട പരിസ്ഥിതി വിരുദ്ധ നിലപാടിനെതിരെ പാര്‍ട്ടിക്കുളളിലടക്കം ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്  കണ്ണില്‍ പൊടിയിടാന്‍ പുതിയ തന്ത്രം. ശില്‍പശാലകളും പ്ലാസ്റ്റിക് വിരുദ്ധ പ്രചരണങ്ങളും വൃക്ഷത്തൈ നടീല്‍ തുടങ്ങിയ പരിപാടികളും  സംഘടിപ്പിക്കാനാണ്  തീരുമാനമെന്ന്  വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അറിയിച്ചു.

തളിപ്പറമ്പ് കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളി സംഘടനയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയപ്പോള്‍ മുതല്‍ വയല്‍ നികത്തുന്നതിന് അനുകൂലമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണമാണ് പാര്‍ട്ടിയുടെ നയമെന്ന് പ്രസംഗിച്ച് നടന്നിരുന്ന സിപിഎമ്മിന്റെ കീഴാറ്റൂര്‍ വിഷയത്തിലെ നിലപാട് ശക്തമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച്  വയല്‍ക്കിളികളോടൊപ്പം  സമരം നടത്തിയതിന്റെ പേരില്‍  പുറത്താക്കിയ 11 പാര്‍ട്ടി പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി നേരിട്ട് ഏതാനും ദിവസം മുമ്പ് പുറത്താക്കിയവരുടെ വീടുകളില്‍ എത്തിയിരുന്നു. എന്നാല്‍ അലൈന്റ്‌മെന്റ് മാറ്റാതെ സമരത്തില്‍ നിന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്ന് പുറത്താക്കിയ പാര്‍ട്ടി അംഗങ്ങള്‍ ജില്ലാ സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതോടെ പാര്‍ട്ടി കീഴാറ്റൂര്‍ വിഷയത്തില്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലായിരുന്നു.

കീഴാറ്റൂര്‍ പ്രശ്‌നത്തിലെ പാര്‍ട്ടി നിലപാടു വിശദീകരിക്കാന്‍ ഏതാനും ദിവസം മുമ്പ് കണ്ണൂരില്‍ രണ്ടു മേഖലാ ജാഥകള്‍ പാര്‍ട്ടി നടത്തിയിരുന്നു.  ലോങ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്താന്‍ വയല്‍ക്കിളി കൂട്ടായ്മയും കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യസമിതിയും  തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് പരിസ്ഥിതി വിഷയത്തില്‍ ഒറ്റപ്പെട്ട സിപിഎം പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.