സെന്റ് തോമസ്: സഭയുടെ വാദമല്ല ചരിത്രം പറയുന്നത്

Wednesday 18 April 2018 3:06 am IST

കൊച്ചി: സെന്റ് തോമസ് കേരളത്തിലോ ഇന്ത്യയിലോ വന്നിട്ടില്ലെന്ന ചരിത്രകാരന്മാരുടെ വാദവും  കത്തോലിക്കാ സഭയുടെ വിശ്വാസവും ഏറ്റുമുട്ടല്‍ തുടരുന്നു. സഭയുടെ വാദം അടിസ്ഥാനമില്ലാത്തതാണെന്ന് വിശദീകരിച്ച് കൂടുതല്‍ ചരിത്രകാരന്മാര്‍ രംഗത്തു വന്നു.

സഭയുടെ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് നടത്തിയ പ്രസ്താവന സഭാ നേതൃത്വം തള്ളി. സെന്റ് ആന്റണി (തോമാശ്ലീഹ) കേരളത്തില്‍ വന്നിട്ടില്ലെന്ന് തേലക്കാട്ട് പ്രസ്താവിച്ചിരുന്നു. മാര്‍പ്പാപ്പ പോലും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് സഭാ നേതൃത്വം തേലക്കാട്ടിനെ തള്ളിപ്പറഞ്ഞത്.

തേലക്കാട്ട് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രസ്താവിച്ചു. സഭാ വിശ്വാസം സെന്റ് തോമസ് കേരളത്തില്‍ വന്നുവെന്നുതന്നെയാണ്. ഈ കാര്യം വിവരിക്കുന്ന ധാരാളം പുസ്തകങ്ങള്‍ ഉണ്ട്. ചില ചരിത്രകാരന്മാര്‍ മാത്രമാണ് അദ്ദേഹം കേരളത്തില്‍വന്നിട്ടില്ലെന്ന് പറയുന്നതെന്ന് വാണിയപ്പുരയ്ക്കല്‍ വിശദീരിക്കുന്നു.

എന്നാല്‍ സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ലെന്നാണ്  ചരിത്രകാരന്മാര്‍ പറയുന്നത്. 

സെന്റ് തോമസിന്റെ കേരള വരവിനെക്കുറിച്ചുള്ളതെല്ലാം കെട്ടുകഥകള്‍ മാത്രമാണെന്ന് ഡോ. എം.ജി.എസ്. നാരായണന്‍ ആവര്‍ത്തിച്ചു. വന്നുവെന്ന് പറയപ്പെടുന്ന കാലത്ത് കേരളത്തില്‍ ജനവാസം പോലുമുണ്ടായിരുന്നില്ലെന്ന് എംജിഎസ് വിശദീകരിക്കുന്നു. സഭ സ്വന്തം താല്‍പര്യത്തിന് ഉണ്ടാക്കിയ കഥയാണിത്, അദ്ദേഹം പറയുന്നു.

ചരിത്രകാരനും എംജി സര്‍വകലാശാലയുടെ മുന്‍ വിസിയുമായ ഡോ. രാജന്‍ഗുരുക്കളും സഭയുടെ കഥ നിരസിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അവരോടൊപ്പമുണ്ടായിരുന്ന ജസ്യൂട്ട് പാതിരിമാര്‍ കേരളത്തില്‍ ഉണ്ടായിരുന്ന പ്രത്യേക ജാതിപോലെ ജീവിച്ചിരുന്ന നസ്രാണിമാരെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നുവെന്ന് ഗുരുക്കള്‍ പറയുന്നു. സെന്റ് തോമസ് വന്നുവെന്ന് പറയുന്ന കാലത്ത് പള്ളികള്‍ എന്ന ആരാധനാ കേന്ദ്രം ക്രിസ്ത്യാനിക്ക് എങ്ങുമില്ലായിരുന്നു. കുരിശ് ക്രിസ്ത്യാനികള്‍ ആരാധിച്ചിരുന്നില്ല, അദ്ദേഹം പറയുന്നു.

ചരിത്രകാരന്മാരുടെ വാദത്തോടെ കേരളത്തിലെ ക്രിസ്തീയ സഭാ ചരിത്രം മുഴുവന്‍ തകിടം മറിയുകയാണ്. കുരിശും പള്ളിയും സെന്റ് തോമസും അടയാളങ്ങളും ചരിത്ര രേഖകളുമാക്കി സഭ രൂപപ്പെടുത്തിയതെല്ലാം പുനശ്ചിന്തയ്ക്ക് വിധേയമാവുകയാണ്. സഭ അടുത്തിടെ നേരിടുന്ന പ്രതിസന്ധികളില്‍ മറ്റൊന്നുകൂടിയായിരിക്കുന്നു. അതാകട്ടെ അടിസ്ഥാന നിലപാടുകളെ ചോദ്യം ചെയ്യുന്നതുമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.