ഡോക്ടര്‍മാരുടെ സമരം; സംഘടനയില്‍ ഭിന്നിപ്പ്

Thursday 19 April 2018 2:30 am IST

കൊച്ചി: ആശുപത്രിയിലെ ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ച് നടത്തിയ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനില്‍ (കെജിഎംഒഎ) ഭിന്നിപ്പ്. ഒരുവിഭാഗം ഡോക്ടര്‍മാര്‍ സംഘടനയെ രാഷ്ട്രീയമായി ഉപയോഗിച്ചെന്നാണ് ആരോപണം. ഇടത് അനുഭാവികളായ ചില ഡോക്ടര്‍മാര്‍ പ്രശ്‌നം പരിഹരിച്ചുനല്‍കാമെന്ന് പറയുകയും പിന്നീട് ചതിക്കുകയുമായിരുന്നുവെന്ന് ഒരുവിഭാഗം ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ച് ജോലിയില്‍ നിന്ന് വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂരിലെ ഡോക്ടറുടെ സസ്‌പെന്‍ഷന്‍ ഉപാധിയില്ലാതെ പിന്‍വലിക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. എന്നാല്‍, ഡോക്ടര്‍ മാപ്പപേക്ഷ നല്‍കണമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. ഇതിന് പിന്നില്‍ ആരോഗ്യമന്ത്രിയുമായി അടുപ്പമുള്ള ഇടത് അനുഭാവികളായ ഡോക്ടര്‍മാരാണെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. ഇത്തരം നടപടികള്‍ രാഷ്ട്രീയത്തിനതീതമായ ഡോക്ടര്‍മാരുടെ കൂട്ടായ്മയെ തര്‍ക്കുമെന്നാണ് ഒരുവിഭാഗം പറയുന്നത്. 

സാധാരണ, ചര്‍ച്ചയ്ക്കുശേഷം സമരക്കാരാണ് സമരം പിന്‍വലിച്ചതായി പ്രഖ്യാപിക്കുന്നത്. എന്നാല്‍, ഡോക്ടര്‍മാരുടെ പ്രതിനിധികളെ അകത്തിരുത്തി ആരോഗ്യമന്ത്രി തന്നെ ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. എല്ലാ ആവശ്യങ്ങളും നേടിയെടുക്കാതെ സമരം പിന്‍വലിച്ചതിലും ഒരുവിഭാഗം ഡോക്ടര്‍മാര്‍ക്ക് എതിര്‍പ്പുണ്ട്. 

മുന്നറിയിപ്പില്ലാതെ അനിശ്ചിതകാല സമരം ആരംഭിക്കുന്നതിനെയും ഒരുവിഭാഗം ഡോക്ടര്‍മാര്‍ എതിര്‍ത്തിരുന്നു. ഈ ഡോക്ടര്‍മാര്‍ക്കും സംഘടനാ നിലപാടില്‍ വിയോജിപ്പുണ്ട്. ഇതുവരെ രാഷ്ട്രീയമായി ചിന്തിക്കാതിരുന്ന ഡോക്ടര്‍മാരുടെ സംഘടനയില്‍ ചില ഡോക്ടര്‍മാര്‍ രാഷ്ട്രീയ ചേരിതിരിവുണ്ടാക്കിയതിലും ഒരു വിഭാഗം ഡോക്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.