ഞാന്‍ ഹിന്ദു, പഴയ എസ്എഫഐക്കാരി തുറന്നടിക്കുന്നു

Wednesday 18 April 2018 7:14 pm IST

കൊച്ചി: ഞാന്‍ ഹിന്ദുവാണ്, അതില്‍ ലജ്ജിക്കുന്നില്ലെന്ന് എസ്എഫ്‌ഐക്കാരിയും കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗവുമായ പത്രപ്രവര്‍ത്തക ഗീതാ ബക്ഷി ഫേസ്ബുക്കില്‍ തുറന്നടിക്കുന്നു. ഇപ്പോള്‍ നടക്കുന്നത് നിഷ്‌കളങ്ക പ്രതിഷേധമല്ല, കൃത്യമായ ഗൂഢാലോചനയാണ്, കൃത്യമായി ഒരുക്കിയ വാരിക്കുഴിയാണ് എന്നു പറയുന്ന ഗീതാ ബക്ഷി നൊസ്റ്റാള്‍ജിയ എന്ന മലയാളം മാസികയുടെ പത്രാധിപരായിരുന്നു. ഇപ്പോള്‍ 'കഷ്ണാ ഗുരുവായൂരപ്പ' എന്ന മാസികയുടെ ചീഫ് എഡിറ്റര്‍. 

ഗീതാ ബക്ഷിയുടെ ഫേസ്ബുക് പോസ്റ്റ്: 

നൊസ്റ്റാള്‍ജിയ എന്ന മാസിക രാഷ്ട്രീയ മത ചായ്വുകള്‍ ഒന്നുമില്ലാതെ ഒരു ദശാബ്ദ കാലത്തോളം പബ്ലിഷ് ചെയ്ത കൂട്ടായ്മയുടെ പുതിയ പ്രസിദ്ധീകരണമാണ് 'കൃഷ്ണാ ഗുരുവായൂരപ്പാ ' വിഷുവിന് ആദ്യ ലക്കം പുറത്തിറങ്ങി. ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ എന്റെ കൈയൊപ്പോടെ .ചെറിയൊരു തുടക്കം നല്‍കിയ പരിമിതികളോടെ. കാലങ്ങളായി അറിയുന്നവര്‍ പോലും ചോദിക്കുന്നു : 'ഇതെന്താ സംഘത്തിന്റെ പ്രസിദ്ധീകരണത്തില്‍ എഴുതുന്നത് '. വേറൊരു ചോദ്യം 'നിങ്ങളെ പോലെ ഉള്ള ഒരാള്‍ക്കു ലജ്ജയില്ലേ ഹിന്ദു ആണെന്ന് പറയാന്‍' 

ഇല്ല തീര്‍ത്തും ഇല്ല .ആസിഫ എന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയത നീചര്‍ പുരുഷന്മാര്‍ ആണെന്ന് കരുതി ലോകത്തുള്ള സര്‍വ പുരുഷന്മാരെയും ആ കണ്ണോടെ കാണാന്‍ പറ്റുന്നില്ല. അത് പോലെ തന്നെ 'ലോകാ സമസ്ത സുഖിനോ ഭവന്തു' എന്നും 'അഹം ബ്രഹ്മാസ്മി തത്വമസി 'എന്നും പഠിപ്പിച്ച മതത്തെ ഈ ഒരു നികൃഷ്ട സംഭവത്തിന്റെ പേരില്‍ തള്ളി പറയാനും ഞാനില്ല . പഴയ എസ്എഫ്‌ഐക്കാരിയല്ലെ എന്ന ഓര്‍മപ്പെടുത്തലും വേണ്ട. മാധ്യമരംഗത്ത് എനിക്ക് മതം, ജാതി, രാഷ്ട്രീയം എന്നീ വേര്‍തിരിവുകള്‍ ഇല്ല. വ്യക്തി ജീവിതത്തില്‍ ഭക്തിയും പ്രാര്‍ത്ഥനയും എന്നും ഒപ്പമുണ്ട്.'എന്റെ ദേവീ' എന്നോ 'എന്റെ കണ്ണാ' എന്നോ വിളിക്കാന്‍ ഞാന്‍ തീവ്ര വാദി ആവേണ്ട കാര്യമില്ല.

എങ്ങോട്ടേക്കാണ് മതേതര വാദം എന്ന വ്യാജ കിരീടം അണിഞ്ഞു കൊണ്ടുള്ള ഈ മുന്നേറ്റം ? മതമോ ഭക്തിയോ തീവ്രവാദമാണ് എന്നിടത്തേക്കോ? ഈ മുന്നേറ്റത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് മറഞ്ഞിരിക്കുന്നത്? ഹിന്ദു എന്ന് പറയുന്നു എങ്കില്‍ നിങ്ങള്‍ തീവ്രവാദിയോ അന്ധവിശ്വാസിയോ ആയെ തീരൂ എന്ന സൂചന സമൂഹത്തിലേക്ക് പുതിയൊരു വിഷബാധയാണ് കലര്‍ത്തി വിടുന്നത്.

മതവും ഭക്തിയും ജീവിതത്തില്‍ കലര്‍ന്നവരെ എല്ലാം തീവ്രവാദിയെന്ന് വിളിക്കാന്‍ അവസരം കൊടുത്തവര്‍ കലാപവും കൂട്ടക്കൊലകളുമാണ് വിലയായി കൊടുക്കേണ്ടി വരിക. മതേതര സമൂഹത്തെ ധ്രുവീകരിക്കുക എന്നതാണ് ഈ കപട പ്രബുദ്ധതയുടെ ഉന്നം. ബാലികാ പീഡനം ഹിന്ദു മതവുമായി കൂട്ടി കലര്‍ത്തിയവരോട് സഹതാപമാണ് ആദ്യം തോന്നിയത്. ഇപ്പോള്‍ ക്രോധവും. ശരിയാണ് നരബലി ഉള്‍പ്പെടെ ഒരുപാട് ദുരാചാരങ്ങള്‍ ഈ മതത്തില്‍ നുഴഞ്ഞു കയറിയിരുന്നു. പക്ഷെ നവോത്ഥാന മുന്നേറ്റത്തിലൂടെ അവ ഓരോന്നും തുടച്ചു മാറ്റാന്‍ നമുക്ക് കഴിഞ്ഞു. അത്തരം ഒരു സംഭവമല്ല ഇത്. തികഞ്ഞ കുറ്റ കൃത്യം. അതിലേക്ക് എന്തിനാണ് മതത്തെ ഉള്‍പ്പെടുത്തുന്നത് ?

നിഷ്‌കളങ്ക പ്രതിഷേധമല്ല ഇത്, കൃത്യമായ ഗൂഢാലോചന. അതാണ് നടപ്പിലാകുന്നത്. പെണ്ണിന് നീതി എന്ന മുന്നേറ്റവുമല്ല ഇത്. കൃത്യമായി ഒരുക്കിയ വാരിക്കുഴി. അതില്‍ വീഴാന്‍ ഞാനില്ല. വീണ്ടും പറയുന്നു. ഞാന്‍ ഹിന്ദുവാണ്, വസുധൈവകുടുംബകം എന്ന് വിശ്വസിക്കുന്ന ഹിന്ദു.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.