കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളോട് യാത്രക്കാര്‍ക്ക് പ്രിയമില്ല

Thursday 19 April 2018 2:33 am IST

പുനലൂര്‍: രൂപഭാവങ്ങളില്‍ മാറ്റം വരുത്തി കെഎസ്ആര്‍ടിസി പുറത്തിറക്കിയ ഭാരത് സ്റ്റേജ്-നാല് നിലവാരത്തിലുള്ള ബസ്സുകള്‍ യാത്രക്കാര്‍ ഒഴിവാക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇവ അനുയോജ്യമല്ലെന്ന കാരണത്താലാണ് ഭൂരിഭാഗം യാത്രക്കാരും ഇത്തരം ബസുകളെ ഒഴിവാക്കുന്നത്.

യാത്രക്കാരുടെ ഇഷ്ടാനുസരണം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന ഷട്ടറുകളായിരുന്നു ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് എന്നീ ബസ്സുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവയ്ക്കുപകരം സൈഡ് ഗ്ലാസുകളാണ് ഉപയോഗിക്കുന്നത്. പുറത്തുനിന്നും അടിക്കുന്ന കടുത്ത ചൂട് യാത്രക്കാരെ വലയ്ക്കുന്നു.

ഡീലക്‌സ് ബസുകളില്‍ ഇത്തരം ഗ്ലാസുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും യഥേഷ്ടം നീക്കാവുന്ന കര്‍ട്ടനുകള്‍ കൂടി ഉള്‍വശത്തുണ്ട്. തെക്കന്‍ കേരളത്തില്‍ നിന്നും വടക്കന്‍ ജില്ലകളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സുകളിലും ഗ്ലാസിനോടൊപ്പം കര്‍ട്ടനും നിലവിലുണ്ട്. കൂടാതെ ഇവയെല്ലാം സെമി സ്ലീപ്പര്‍ നിലവാരത്തിലുള്ളവയും എയര്‍കണ്ടീഷന്‍ ചെയ്തവയുമാണ്. അതിനാല്‍ യാത്രക്കാരില്‍ ഭൂരിഭാഗവും ഇത്തരം ബസ്സുകളെയാണ് ദീര്‍ഘദൂരയാത്രയ്ക്കായി ഉപയോഗിക്കുന്നത്.

ബിഎസ്-ഫോര്‍ മോഡല്‍ ബസുകള്‍ക്ക് ലഗേജ് കാരിയറുകളോ അതോടൊപ്പമുള്ള ഗോവണികളോ ഇല്ലാത്തത് ബസ്സുകളുടെ മുകളില്‍ ചരക്ക് കയറ്റുന്നതിനെ സാരമായി ബാധിച്ചിട്ടുമുണ്ട്. ശബരിമല സീസണില്‍ ബസുകളുടെ ഗോവണികള്‍ അഴിച്ചുവയ്ക്കുകയും അവ പിന്നീട് ഫിറ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്നതുമൂലം വ്യാപാരികള്‍ മുമ്പേതന്നെ കെഎസ്ആര്‍ടിസി ബസുകളെ ഒഴിവാക്കാന്‍ തുടങ്ങിയിരുന്നു.

തമിഴ്‌നാട് സര്‍വീസ് നടത്തുന്ന ബസ്സുകളിലും ഗോവണികളില്ല. ഇത്തരം ബസ്സുകളും ലഗേജിനത്തില്‍ കെഎസ്ആര്‍ടിസിക്ക് വന്‍നഷ്ടമാണ് നല്‍കുന്നത്. ശബരിമല സീസണില്‍ അഴിച്ചുവയ്ക്കുന്ന ഗോവണികള്‍ ബസുകളില്‍ പിന്നീട് ഫിറ്റ് ചെയ്യുന്നത് തിരുവനന്തപുരം സെന്‍ട്രല്‍, കൊട്ടാരക്കര എന്നീ ചുരുക്കം ഡിപ്പോകളിലാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.