പ്രണയത്തെ എതിര്‍ത്തു, കമിതാക്കളായ മാവോയിസ്റ്റുകള്‍ കീഴടങ്ങി

Thursday 19 April 2018 2:57 am IST

ഭുവനേശ്വര്‍: കമിതാക്കളായ രണ്ടു മാവോയിസ്റ്റുകള്‍  ഒഡീഷ പോലീസിനു മുമ്പാകെ കീഴടങ്ങി. ഇവരെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റുകളുടെ സുന്ദര്‍ഗര്‍-സമ്പല്‍പൂര്‍ ഡിവിഷന്റെ കമാന്‍ഡര്‍ ആയി അറിയപ്പെടുന്ന ദയാനന്ദയെന്ന ചോട്ടു ഗഞ്ജുവും അമൃതയെന്ന ജാലി ദെഹൂരിയുമാണ് തങ്ങളുടെ പ്രണയത്തെ സംഘടനയിലെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ആയുധം വെച്ച് കീഴടങ്ങിയത്.

ദയാനന്ദയുടെ തലയ്ക്ക് നാലുലക്ഷം രൂപയും അമൃതയുടേതിന് ഒരുലക്ഷം രൂപയുമാണ് പോലീസ് വിലയിട്ടിരുന്നത്. റാഞ്ചി സ്വദേശിയായ ദയാനന്ദ 18 വര്‍ഷമായി മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാണ്. 15 സുപ്രധാന മാവോയിസ്റ്റ് ആകണ്രമണങ്ങളില്‍ പങ്കാളിയാണ് ഇയാള്‍. 

മാവോയിസ്റ്റുകള്‍ സമൂഹനന്മയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നും അതേസമയം സീനിയര്‍ കേഡറില്‍പെട്ടവര്‍ സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്നും തിരിച്ചറിഞ്ഞതോടെയാണ് ഇരുവരും മാവോയിസ്റ്റ് ക്യാമ്പ് ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ഇവരെ മുഖ്യധാരയിലേക്ക് സ്വാഗതം ചെയ്യുന്നതായി പോലീസ് മേധാവി മിത്രഭാനു മഹാപാത്ര പറഞ്ഞു. 

കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്കായി ഒട്ടേറെ ക്ഷേമപദ്ധതികളാണ് ഒഡീഷ സര്‍ക്കാര്‍ നടപ്പാക്കുന്നത്. വീടുവെയ്ക്കുന്നതിനും വിദ്യാഭ്യാസത്തിനും വിവാഹത്തിനുമെല്ലാം സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.