കൊലക്കേസ്: സിദ്ദുവിനെതിരായ വിധി പറയല്‍ സുപ്രീംകോടതി മാറ്റിവച്ചു

Thursday 19 April 2018 3:07 am IST

ന്യൂദല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് വിനോദസഞ്ചാര വകുപ്പ് മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരെയുള്ള കൊലക്കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ കേസില്‍ സിദ്ദുവിന് മൂന്നുവര്‍ഷം തടവ് വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിന്‍ മേലുള്ള വിധി പറയുന്നതാണ് സുപ്രീംകോടതി മാറ്റിവച്ചത്. 

കേസില്‍ സിദ്ദുവിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ ആര്‍.എസ്. ചീമ മരിച്ച ഗുരുനാം സിങിന്റെ ആശുപത്രി രേഖകള്‍ വ്യാജവും കെട്ടിച്ചമച്ചതാണെന്നും വാദിച്ചു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുന്നത് മാറ്റിവച്ചത്. 

അതേസമയം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സിദ്ദു കുറ്റക്കാരനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും സുപ്രീംകോടതിയില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. 1988ലാണ് കേസിനാസ്പദമായ സംഭവം. വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മാറ്റിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ട് മരിച്ച ഗുരുനാം സിങുമായി ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് കേസ്. 

സംഭവത്തില്‍ സിദ്ദുവിനും സുഹൃത്തിനുമെതിരെ കേസെടുത്തെങ്കിലും 1999 സെപ്റ്റംബറില്‍ വിചാരണ കോടതി ഇരുവരെയും വെറുതെ വിട്ടു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും മരിച്ചയാളുടെ മകനും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഇരുവരേയും മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷയ്ക്കും ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും 2006-ല്‍ വിധിച്ചിരുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ നടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷിച്ചത്. 2007-ല്‍ സിദ്ദുവിന്റെ അപ്പീലില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. 

മുതിര്‍ന്ന ബിജെപി നേതാവും ഇപ്പോഴത്തെ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി, പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവരാണ് നേരത്തെ സിദ്ദുവിനായി സുപ്രീംകോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ ബിജെപി അംഗമായിരുന്ന സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ തനിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരെയും മാറ്റിയതിനെ തുടര്‍ന്നാണ് ആര്‍.എസ്. ചീമയെ നിയോഗിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.