സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മാനഭംഗത്തിന് ഇരയായത് 1101 കുട്ടികള്‍

Thursday 19 April 2018 3:20 am IST

തുരുവനന്തപുരം: കശ്മീര്‍ സംഭവത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും വിമര്‍ശിക്കുന്നവര്‍ കേരളത്തില്‍ മാനഭംഗത്തിന് ഇരയാവുന്ന കുട്ടികളെ കാണാതെ പോവുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം കേരളത്തില്‍ കുത്തനെ കൂടി. കഴിഞ്ഞ വര്‍ഷം മാത്രം 1101 കുട്ടികള്‍ ബലാല്‍സംഗത്തിനിരയായതായി പോലീസിന്റെ  കണക്ക്. 26 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി. ബാലികയെ വേശ്യാവൃത്തിക്ക് വിറ്റ അപൂര്‍വ്വം കേസും കഴിഞ്ഞ വര്‍ഷം സാക്ഷര കേരളത്തിലുണ്ടായി. പത്തു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കുട്ടികള്‍ക്ക് നേരെ നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 16,624.

പോലീസിന്റെ കണക്കു പ്രകാരം 2017 സെപ്റ്റംബര്‍ വരെ 3088 ബലാല്‍സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2016ല്‍ ഇത് 1656 ആയിരുന്നു.   10 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ബലാല്‍സംഗക്കേസുകള്‍ 16,755 ആണ്. ബലാല്‍സംഗത്തിന്റെ കാര്യത്തില്‍ 2007ല്‍ 500 ആയിരുന്നത് 2008ല്‍ 548, 2009ല്‍ 554, 2010ല്‍ 617, 2011ല്‍ 1132, 2012ല്‍ 1019, 2013ല്‍ 1221, 2014ല്‍ 1347, 2015ല്‍ 1256, 2016ല്‍ 1656, 2017ല്‍ 3088 എന്നിങ്ങനെയാണ്  വര്‍ധനവ് രേഖപ്പെടുത്തിയിട്ടുളളത്.

പത്തു വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന കുറ്റകൃത്യങ്ങള്‍ 1,32,378 ആണ്.ഈ വര്‍ഷം സ്ത്രീകള്‍ക്കെതിരെ വിവിധ വിഭാഗങ്ങളിലായി നടന്ന 12914 കുറ്റകൃത്യങ്ങളില്‍ 4498 എണ്ണം മാനഭംഗക്കേസുകളാണ്. തട്ടിക്കൊണ്ടുപോകല്‍ 147, സ്ത്രീധന മരണങ്ങള്‍ 13, ഭര്‍ത്താവിന്റെയും, ഭര്‍തൃവീട്ടുകാരുടെയും ക്രൂരത 2452, മറ്റുകുറ്റകൃത്യങ്ങള്‍ 4,122. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.