എല്ലാ പോലീസ് സ്റ്റേഷനിലും സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍

Thursday 19 April 2018 3:27 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനും കൂടുതല്‍ പോലീസുദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി നിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

ഇതിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഓരോ സ്റ്റേഷനിലേയും മൂന്നു പേര്‍ക്ക് പരിശീലനം നല്‍കി സ്റ്റേഷനുകളില്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ രൂപീകരിക്കും. 

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പ്രാഥമികാന്വേഷണം നടത്തുന്നതിനും സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനേയും പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. തിരുവനന്തപുരത്ത് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇപ്പോള്‍ നിലവിലുണ്ട്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ പുതുതായി ആരംഭിക്കുന്നുണ്ട്. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്ലുകളും ഇതോടൊപ്പം രൂപീകരിക്കും.

തുടക്കമെന്ന നിലയില്‍ ജില്ലാ സൈബര്‍ സെല്ലുകളിലെ രണ്ടുപേരെവീതം ഉള്‍പ്പെടുത്തി പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ വിദഗ്ധരുടെ സഹായത്തോടെ തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും. ട്രെയിനിങ് ലഭിച്ച ജില്ലാ സൈബര്‍ സെല്‍ പ്രതിനിധികള്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അവരവരുടെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും. 

എല്ലാ സ്റ്റേഷനിലേയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ ബോധവല്‍ക്കരണം നല്‍കും. പോലീസ് സ്റ്റേഷന്‍ തലത്തിലുള്ള സൈബര്‍ സെല്ലുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.