സിപിഎം ആയാല്‍മതി... അടൂര്‍ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എന്തുമാകാം

Thursday 19 April 2018 3:40 am IST

കൊച്ചി: സിപിഎം ആയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടൂര്‍ പോലീസ് ക്യാമ്പില്‍ എങ്ങനെയും നടക്കാം. ജോലിയും ചെയ്യേണ്ട, ചോദിക്കാനും പറയാനും നടപടി സ്വീകരിക്കാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറാവുകയുമില്ല. 740 പോലീസുകാരുള്ള അടൂര്‍ ക്യാമ്പില്‍ സിപിഎം അംഗങ്ങളും അസോസിയേഷന്‍ പ്രവര്‍ത്തകരുമായ പോലീസുകാര്‍ കാക്കിയിട്ട് എത്തിയാല്‍ മതി. ശമ്പളം വാങ്ങാം. മൂഴിയാര്‍ ഡാം ഡ്യൂട്ടി, ക്യാമ്പിലെ എമര്‍ജന്‍സി ഡ്യൂട്ടികള്‍ എന്നിവ മാത്രമാണ് ഇവര്‍ ചെയ്യുന്നത്. മൂഴിയാര്‍ ഡാമില്‍ രാവിലെ എത്തിയാല്‍ ജോലിസമയം അവസാനിക്കുന്നതു വരെ വെറുതെയിരിപ്പാണ്. ക്യാമ്പിലെ എമര്‍ജന്‍സി ജോലിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. 

സിപിഎം അനുഭാവികളല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് ക്രമസമാധന പാലന ജോലികള്‍ക്കായി തിരുവനന്തപുരത്തേക്ക് പതിവായി പോകാനുള്ള ഓര്‍ഡര്‍ നല്‍കുന്നുണ്ട്. ഒപ്പം, ശബരിമല ഡ്യൂട്ടിക്കും ട്രാഫിക് ജോലികള്‍ക്കും നിയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി അവധി നല്‍കാന്‍ പോലും ക്യാമ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാറില്ല. പോലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ ഭീഷണിയാണ് ഇതിന് പിന്നില്‍. 

കാഠിന്യമേറിയ ജോലിക്ക് പോകാതെ മുങ്ങിനടക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ ക്യാമ്പിലെ മുന്‍ കമാന്‍ഡന്റുമാര്‍ തയ്യാറായിരുന്നില്ല. മൂന്ന് മാസം മുമ്പ് ചുമതലയേറ്റ പുതിയ ക്യാമ്പ് കമാന്‍ഡന്റ്കിരണ്‍ നാരായണന്‍ ഡ്യൂട്ടി ലിസ്റ്റ് പരിശോധിച്ച് അസോസിയേഷന്‍ ഭാരവാഹികളായ ഉദ്യോഗസ്ഥരെ ശബരിമല ഉത്സവ-വിഷു ആഘോഷങ്ങളില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. അസോസിയേഷന്റെ ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും ഇത് വകവെയ്ക്കാതെയായിരുന്നു കമാന്‍ഡന്റിന്റെ നടപടി. 

ചട്ടവിരുദ്ധ സ്ഥലംമാറ്റം തടഞ്ഞു 

കൊച്ചി: അടൂര്‍ പോലീസ് ക്യാമ്പില്‍ നിന്നും ചട്ടവിരുദ്ധമായി കൊല്ലം ജില്ലയിലേക്കുള്ള അറുപത് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ആംഡ് ഫോഴ്‌സ് ബറ്റാലിയന്‍ എഡിജിപി തടഞ്ഞു. പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയടക്കമുള്ള അറുപത് ഉദ്യോഗസ്ഥരാണ് യാതൊരു കാരണങ്ങളുമില്ലാതെ സ്ഥലംമാറ്റത്തിന് ശ്രമിച്ചത്. പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ സ്ഥലംമാറ്റത്തിന് ശ്രമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.