മാതൃകാ ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ മുഖ്യ ശില്‍പി ടി.എം.രാജേന്ദ്രന്‍ മാസ്റ്റര്‍ വനമിത്ര പുരസ്‌കാര നിറവില്‍

Wednesday 18 April 2018 10:06 pm IST

 

സ്വന്തംലേഖകന്‍

കണ്ണൂര്‍: കേരള സംസ്ഥാന വനംവന്യ ജീവി വകുപ്പിന്റെ ഈ വര്‍ഷത്തെ വനമിത്ര പുരസ്‌കാരത്തിനു ശ്രീകണ്ഠപുരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാണിജ്യ ശാസ്ത്ര അധ്യാപകനായ ടി.എം.രാജേന്ദ്രന്‍ അര്‍ഹനായി. ശ്രീകണ്ഠപുരം നഗരസഭയുടെ ഉടമസ്ഥതയില്‍ കോട്ടൂര്‍ പന്നിയോട്ടുമൂലയിലെ നാലേക്കര്‍ സ്ഥലത്ത് വളര്‍ത്തിയെടുത്ത മാതൃകാ ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ മുഖ്യ ശില്‍പ്പിയെന്ന നിലക്കാണ് പുരസ്‌കാരം.

 അറുനൂറിലധികം വിവിധങ്ങളായ ചെടികളും മരത്തൈകളും പലയിടങ്ങളില്‍ നിന്നും കൊണ്ടുവന്നു നട്ടുപിടിപ്പിച്ചു പരിപാലിക്കുന്ന ഒരു സങ്കേതമാണ് നഗരസഭയുടെ അഭിമാനമായ ജൈവ വൈവിധ്യ പാര്‍ക്ക്. രാജേന്ദ്രന്‍ മാസ്റ്റര്‍ സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസറായി പ്രവര്‍ത്തിച്ചു വന്ന സമയത്താണ് 2007 ല്‍ ശ്രീകണ്ഠപുരം ഗ്രാമ പഞ്ചായത്തുമായി ഇത്തരമൊരു വ്യത്യസ്ഥമായ പദ്ധതിക്കായി കൈ കോര്‍ക്കുന്നത്. പിന്നീട് 2009ല്‍ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തെ എന്‍എസ്എസ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. മാറിമാറി വരുന്ന എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് ബോധവത്ക്കരണവും പരിശീലനവും നല്‍കി അവരുടെ സഹായത്തോടെ ഉദ്യാനത്തെ സംരക്ഷിച്ചുവരികയാണ് ഈ അധ്യാപകന്‍.

ഓരോ വര്‍ഷവും പ്രകൃതിപഠന ക്യാമ്പുകള്‍ സംഘടിപ്പിച്ചും വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും ക്യാമ്പുകളില്‍ പങ്കെടുപ്പിച്ചും മികച്ച പരിസ്ഥിതി ബോധമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ നല്‍കി വരുന്നു. രാജേന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ പാര്‍ക്കിനെ ആധാരമാക്കി സസ്യങ്ങളെ സംബന്ധിച്ച മൂന്നു ഫോട്ടോ ഫീല്‍ഡ് ഗൈഡുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാളിതുവരേയായി പാര്‍ക്കില്‍ നിരീക്ഷിച്ചു രേഖപ്പെടുത്തിയ 90 ചിത്രശലഭങ്ങളെ ഉള്‍പ്പെടുത്തി ബഹുവര്‍ണ്ണ പോക്കറ്റ് ഫീല്‍ഡ് ഗൈഡ് പ്രസിദ്ധീകരണത്തിനായി തയ്യാറായിവരുന്നു. എല്ലാവര്‍ഷവും പാര്‍ക്കില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ജൈവവൈവിധ്യ സര്‍വ്വേയും സംഘടിപ്പിച്ചു വരുന്നു.

സസ്യങ്ങള്‍, പക്ഷികള്‍, ചിത്രശലഭങ്ങള്‍, പ്രാണികള്‍, ഉരഗങ്ങള്‍ തുടങ്ങിയവയെ തരം തിരിച്ച് ക്രമപ്പെടുത്തി രേഖപ്പെടുത്തിയ ജൈവ വൈവിധ്യ രജിസ്റ്ററും തയ്യാറാക്കിയിട്ടുണ്ട്.

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് നല്‍കി വരുന്ന ഹരിത വിദ്യാലയം പുരസ്‌കാരം (2009), വനം വകുപ്പിന്റെ സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമുള്ള വനമിത്ര പുരസ്‌കാരം (2012) എന്നിവ നേരത്തേ തന്നെ സ്‌കൂളിനു ലഭിച്ചിരുന്നു. 2013ല്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന അധ്യാപക അവാര്‍ഡ് നല്‍കി രാജേന്ദ്രന്‍ മാസ്റ്ററെ ആദരിച്ചു.

നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന അപൂര്‍വ്വയിനം സസ്യങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ആവിഷ്‌ക്കരിച്ച 'ശാന്തിസ്ഥല്‍' എന്ന പദ്ധതി മാതൃകാപരമായി ജൈവ വൈവിധ്യ ഉദ്യാനത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതിനുള്ള അംഗീകാരമായി സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവവൈവിധ്യ ക്ലബ്ബിനുള്ള പുരസ്‌കാരം 2015ല്‍ വിദ്യാലയത്തിനു ലഭിച്ചു.

പ്രകൃതിസംരക്ഷണപ്രവര്‍ത്തങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് വനം വകുപ്പ് നേരത്തേ ഇദ്ദേഹത്തെ സിറ്റിസണ്‍ കണ്‍സര്‍വേറ്ററായി തിരഞ്ഞെടുത്തിരുന്നു. കണ്ണൂര്‍ പക്ഷി ഭൂപടനിര്‍മാണത്തില്‍ സജീവമായി പങ്കെടുത്ത ടി.എം.രാജേന്ദ്രന്‍ അറിയപ്പെടുന്ന ചിത്രശലഭനിരീക്ഷകന്‍ കൂടിയാണ്. ചേടിച്ചേരി ദേശമിത്രം യുപി സ്‌ക്കൂള്‍ അധ്യാപിക എസ്.കെ.അംബികയാണ് ഭാര്യ. ഹരിഗോവിന്ദ് മകനാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.