വക്രതുണ്ഡനാകാൻ ശ്രീഗണേശൻ

Thursday 19 April 2018 3:50 am IST

ദത്താത്രേയ മഹര്‍ഷി നിര്‍ദ്ദേശിച്ചു. ഹേ, ദേവന്മാരേ നിങ്ങളെല്ലാവരും ഞാന്‍ ഉപദേശിച്ച ഏകാക്ഷര മന്ത്രം ചൊല്ലി ശ്രീഗണേശനെ സേവിക്കുവിന്‍. ശ്രീഗണേശന്‍ നിങ്ങളെ മല്‍സരാസുരനില്‍ നിന്നും രക്ഷിക്കും.

പക്ഷേ ഇന്ദ്രാദികള്‍ക്കു സംശയം. ശ്രീപരമേശ്വരന്‍ ഉപേക്ഷിച്ച സ്ഥിതിക്ക് ശ്രീഗണേശന്‍ നമ്മെ സഹായിക്കുമോ?

അവരുടെ സംശയത്തിനുള്ള മറുപടിയും ദത്താത്രേയ മഹര്‍ഷി നല്‍കി.

അപ്പോള്‍ നിങ്ങള്‍ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ? ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരും ഇന്ദ്രാദികളും തമ്മില്‍ സംസാരിച്ച വിവരം ചാരന്മാര്‍ മുഖേന മത്സരാസുരന്‍ അറിഞ്ഞിരിക്കുന്നു. നിങ്ങളെല്ലാവരും കൂടി മല്‍സരാസുരനെ വധിക്കാനായി ഗൂഢാലോചന നടത്തുകയാണ് എന്നാണ് അയാള്‍ ധരിച്ചിരിക്കുന്നത്. ആ നിലക്ക് ഇന്ദ്രാദികളേയും ബ്രഹ്മവിഷ്ണു രുദ്രന്മാരേയും എതിരാളികളായിക്കണ്ട് വധിക്കാനാണ് അസുരരാജന്‍ ഉത്തരവിട്ടിരിക്കുന്നത്.

ശിവപെരുമാളാണ് വരങ്ങള്‍ നല്‍കി മല്‍സരാസുരനെ പ്രബലനാക്കി അനുഗ്രഹിച്ചത് എന്നുപോലും അയാള്‍ മറന്നു. ശിവനേയും ഉടനെ കൊല്ലാനാണ് അസുരരാജന്റെ കല്‍പന. ഇതെല്ലാം ശ്രീഗണേശനും അപ്പപ്പോള്‍ അറിയുന്നുണ്ട്.

തന്റെ പിതാവിനെ വധിക്കാന്‍ ഉത്തരവിട്ട മല്‍സരാസുരനോട് ശ്രീഗണേശന് പ്രത്യേക അനുഭാവങ്ങളൊന്നുമില്ല.

അതുകൊണ്ട് നിങ്ങള്‍ ശ്രീഗണേശനെ വിളിച്ച് ഉപാസിച്ചുകൊള്ളൂ. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം ശ്രീഗണേശന്‍ ഉപാധി കണ്ടെത്തും.

ദത്താത്രേയ മഹര്‍ഷിയുടെ ഉപദേശം സ്വീകരിച്ച് ദേവന്മാര്‍ ഏകാക്ഷര മന്ത്രം ആവര്‍ത്തിച്ചു ജപിച്ച് ശ്രീഗണേശനെ സേവിച്ചു.

ശ്രീവിനായകന്‍ ഇന്ദ്രാദികളുടെ പ്രാര്‍ത്ഥന കേട്ടു.  അവരെ അനുഗ്രഹിച്ചുകൊണ്ട് ഗണേശന്‍ മറുപടി നല്‍കി.നിങ്ങളുടെ യുദ്ധത്തില്‍ ഞാന്‍ നിങ്ങളെ സഹായിക്കാം. മല്‍സരാസുരന്റെ വക്രതയാര്‍ന്ന യുദ്ധതന്ത്രങ്ങളെ നേരിടാന്‍ ഞാന്‍ തന്നെ നിങ്ങളോടൊപ്പം യുദ്ധത്തിനുണ്ടാകും. വക്രതകള്‍ക്കു സമാധാനമായി ഞാന്‍ വക്രതുണ്ഡനായി നിങ്ങളോടൊപ്പം ഉണ്ടാകും.

കേട്ടിട്ടില്ലാത്തരൂപം. തത്തയെപ്പോലെ താഴോട്ടു വളഞ്ഞ ചുണ്ടുകളും ശക്തനായ പരുന്തിന്റെ പക്വതയും ചടുലതയുമായി വക്രതുണ്ഡനായി ഞാന്‍ നിങ്ങള്‍ക്കു സമാധാനം ഉണ്ടാക്കിത്തരും.മൂഷിക വാഹനനായ ശ്രീഗണേശന്‍ എങ്ങനെ യുദ്ധത്തില്‍ ചടുലമായ നീക്കങ്ങള്‍ നടത്തുമെന്ന് ദേവന്മാര്‍ക്ക് വീണ്ടും സംശയം. ചോദിക്കാന്‍ മടി. 

സംശയം മനസ്സിലാക്കിയെന്നപോലെ ശ്രീഗണേശന്‍ തുടര്‍ന്നു.മൂഷിക വാഹനനായല്ല ഞാന്‍ വരുന്നത്. സിംഹവാഹനനായി ഞാന്‍ യുദ്ധത്തിനു വരും. ചിലപ്പോള്‍ വാഹനമില്ലാതെയും വരും. ചില ഘട്ടങ്ങളില്‍ ഞാന്‍ യുദ്ധക്കളത്തിലേ ഉണ്ടാകില്ല. അപ്പോഴും ഞാന്‍ യുദ്ധം തുടരുകയായിരിക്കും.

ആശ്വാസത്തോടെ ശ്രീഗണേശന് നന്ദി പറഞ്ഞ് ഇന്ദ്രാദികള്‍ യുദ്ധനടപടികളിലേക്ക് നീങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.