ഇരിട്ടി നഗരസഭയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

Wednesday 18 April 2018 10:20 pm IST

ഇരിട്ടി: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചതും സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്നതുമായ സ്വച്ഛഭാരത് മിഷന്‍ മാലിന്യ സംസ്‌കരണ മോഡലുകളുടെ പ്രദര്‍ശനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നാളെ നടക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഉദ്ഘാടനം ഉച്ചക്ക് 2.30 ന് നഗരസഭാ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. എംഎല്‍എ സണ്ണിജോസഫ് അദ്ധ്യക്ഷത വഹിക്കും. ലൈഫ് പിഎംഐവൈ പദ്ധതികളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭവനങ്ങളുടെ താക്കോല്‍ ദാന കര്‍മ്മവും, വാര്‍ഡ്തല മാലിന്യ ശേഖരണികളുടെ വിതരണം, ഹരിത സേനാംഗങ്ങളെ ആദരിക്കല്‍, വ്യാപാരികള്‍ക്കുള്ള മാലിന്യ ശേഖരണികളുടെ വിതരണം, ശുചിത്വ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം, ഹരിത പെരുമാറ്റ ചട്ടപ്രകാരം വിവാഹം നടത്തിയവര്‍ക്കുള്ള അനുമോദനം, പട്ടിക വര്‍ഗ്ഗ യുവാക്കള്‍ക്കുള്ള ഓട്ടോറിക്ഷാ വിതരണം എന്നിവ ചടങ്ങില്‍ നടക്കും. 

പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതിയില്‍ നഗരസഭാ പരിധിയില്‍ 458 പേരെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവരില്‍ 118 പേര്‍ വീട് നിര്‍മ്മാണം ആരംഭിക്കുകയും രണ്ടുപേര്‍ ഇതിനകം വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുമുണ്ട്. 117 പേര്‍ക്ക് ഒന്നാം ഘട്ടം വിഹിതവും 68 പേര്‍ക്ക് രണ്ടാം ഘട്ട വിഹിതവും ഇതിനകം നല്‍കിക്കഴിഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയില്‍ തെരഞ്ഞെടുത്ത 64 വീടുകളില്‍ 33 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതി വര്‍ഷത്തില്‍ 46 ഗുണഭോക്താക്കകളെ കൂടി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സ്വച്ച് ഭാരത് പദ്ധതി പ്രകാരം സമഗ്രമായ ശുചിത്വ പദ്ധതിയാണ് നഗരസഭയില്‍ നടപ്പിലാക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിലെ ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണവും നടന്നു വരികയാണ്. മാലിന്യ സംസ്‌കരണത്തിനുള്ള വിവിധ മോഡലുകള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിന് ജില്ലാ ശുചിത്വ മിഷനുമായി സഹകരിച്ച് സംസ്‌കരണ മാതൃകകളുടെ പ്രദര്‍ശനം പരിപാടികളുടെ ഭാഗമായി 20 ന് രാവിലെ 10 ന് 5 വരെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാനെ കൂടതെ നഗരസഭാ ഉപാദ്ധ്യക്ഷ കെ.സരസ്വതി, സ്ഥിരം സമിതിഅദ്ധ്യക്ഷന്മാരായ പി.പി.ഉസ്മാന്‍, പി.വി.മോഹനന്‍, മുഹമ്മദലി, എന്‍.കെ. ഇന്ദുമതി, പി.കെ.ബള്‍ക്കീസ്, എച്ച്‌ഐമാരായ സി.ഉസ്മാന്‍, പി.ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.