ആശുപത്രിയില്‍ കഞ്ഞിയോടൊപ്പം നല്‍കിയ ചെറുപയറില്‍ പുഴു

Wednesday 18 April 2018 10:21 pm IST

 

തലശ്ശേരി : തലശ്ശേരി ജനറല്‍ ആശുപത്രിയിലെ സ്ത്രീകളുടെ സര്‍ജിക്കല്‍ വാര്‍ഡില്‍ കഞ്ഞിക്കൊപ്പം വിതരണം ചെയ്ത ചെറുപയര്‍ പുഴുക്കില്‍ പുഴുവിനെ കണ്ടെത്തി. ഇത് ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും തമ്മില്‍ ഏറെനേരം വാക്കേറ്റത്തിനിടയാക്കി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൊടീക്കളത്തെ ഒരു വൃദ്ധയ്ക്കു ലഭിച്ച പുഴുക്കിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇവരോടൊപ്പം കൂട്ടിരിപ്പിനെത്തിയ മകനാണ് ചെറുപയര്‍ പുഴുക്കില്‍ പുഴുക്കളെ കണ്ടെത്തിയ വിവരം സമീപത്തെ മറ്റു രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ശ്രദ്ധയില്‍ പെടുത്തിയത്. അവിടെ തന്നെ ചികിത്സയില്‍ കഴിയുന്ന ഒരു അധ്യാപികയോട് യുവാവ് വിവരം പറഞ്ഞു. ഇതേ തുടര്‍ന്ന് ഇവര്‍ സംഭവം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ബന്ധപ്പെട്ടവര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും എന്നാല്‍ ചെറുപയര്‍ പുഴുക്കില്‍ കണ്ടെത്തിയത് പുഴുവല്ലെന്നും ഇത് ചെറുപയറിന്റെ പുറം തോടാണെന്നും രോഗികളോട് വിശദീകരിച്ചു. ഇതില്‍ തൃപ്തരാവാത്ത രോഗികള്‍ പുഴുക്ക് ഉപയോഗിക്കാന്‍ കൂട്ടാക്കിയില്ല. സംഭവം ചോദ്യം ചെയ്ത രോഗികളോട് ആശുപത്രി ജീവനക്കാര്‍ കര്‍ക്കശമായി സംസാരിച്ചതായും പരാതിയുയര്‍ന്നിട്ടുണ്ട്. നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായും രോഗികള്‍ പറഞ്ഞു. ചെറുപയര്‍ കഴുകി വൃത്തിയാക്കാതെയാണ്ഭക്ഷണം പാകം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.