ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ യുവാവ് അറസ്റ്റില്‍

Wednesday 18 April 2018 10:21 pm IST

 

ചക്കരക്കല്‍: മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ റൂമിന്റെ പൂട്ടുപൊളിച്ച് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ യുവാവ് അറസ്റ്റിലായി. ചെമ്പിലോട് കോയ്യോട്ടെ കൂര്‍പ്പന്റെവളപ്പില്‍ ബി.പി.ജിതേഷി (24)നെയാണ് ചക്കരക്കല്‍ എസ്‌ഐ ബിജു അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 27ന് ഹസ്സന്‍മുക്കിലെ ഇന്‍ഡസ് മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ റൂമില്‍ ബാറ്ററി മോഷണം നടത്തുന്നതിനിടെ ടെക്‌നീഷ്യന്‍ ജിതേഷിനെയും കൂട്ടാളി നാലുതെങ്ങില്‍ പ്രജീഷിനെയും പിടികൂടിയിരുന്നു. എന്നാല്‍ ജിതേഷ് രക്ഷപ്പെട്ടോടുകയും നാളിതുവരെ ഒളിവില്‍ കഴിയുകയുമായിരുന്നു. ഇരിട്ടി കൂട്ടുപുഴ പേരട്ടയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡിനിടെ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ചക്കരക്കല്ലിലേക്ക് നീങ്ങിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചക്കരക്കല്ലില്‍ വെച്ച് അറസ്റ്റിലായത്. മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ റൂമില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച സമാനമായ പരാതികള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ജില്ലയിലുണ്ടായിട്ടുള്ള സമാനമായ പരാതികളില്‍ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് എസ്‌ഐ പി.ബിജു പറഞ്ഞു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.