കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതി പ്രവൃത്തിക്ക് കണ്ണൂരില്‍ തുടക്കമായി ; നഗരത്തിന്റെ മുഖഛായ മാറും

Wednesday 18 April 2018 10:22 pm IST

 

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതി പ്രവൃത്തിക്ക് കണ്ണൂരില്‍ തുടക്കമായി. നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിക്കാണ് ഇന്നലെ തുടക്കമായത്. പൊടിക്കുണ്ടില്‍ കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ പ്രവൃത്തിക്ക് തുടക്കം കുറിച്ചു കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. അടുത്ത മൂന്ന് വര്‍ഷത്തോടെ അടിസ്ഥാന സൗകര്യമൊരുക്കി നല്‍കുന്ന 533.5 കോടിയുടെ പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട പദ്ധതിക്കാണ് തുടക്കമായത്. ജലവിതരണം, ഓവുചാല്‍, നഗരഗതാഗതം എന്നീ മേഖലകളില്‍ ജല വിതരണത്തിന്റെ പ്രവൃത്തിയാണ് തുടങ്ങുന്നത്. പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്രസര്‍ക്കാറും മുപ്പത് ശതമാനം തുക സംസ്ഥാന സര്‍ക്കാരും പത്ത് ശതമാനം കോര്‍പറേഷനുമാണ് വഹിക്കുക.

ജപ്പാന്‍ കുടിവെള്ള പദ്ധതി വിപുലീകരണത്തിനും പഴശ്ശി പദ്ധതിയിലൂടെ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള കുടിവെള്ള വിതരണത്തിന്റെ ശേഷി വര്‍ധിപ്പിക്കല്‍, കുടിവെള്ള വിതരണ ശൃംഖല നവീകരണം തുടങ്ങിയവ നടപ്പാക്കും. ഇരുപത് കോടിയാണ് ജപ്പാന്‍ കുടിവെള്ളപദ്ധതിക്ക് നീക്കിവച്ചത്. കുടിവെള്ള വിതരണ ശൃംഖല പുതുക്കുന്നതിന് 15.7 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ടാങ്ക് നിര്‍മാണവും നടക്കും. ഓവുചാലുകളും പുനര്‍ നിര്‍മാണവും നവീകരണവും പദ്ധതിയിലുണ്ട്. ഓവ് ചാലിലൂടെ ഒഴുകുന്ന മലിനജലം പൂര്‍ണമായും ശുചീകരിച്ചാണ് കടലിലേക്ക് വിടുക. ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി പാര്‍ക്കുകളുടെ നിര്‍മാണവും പദ്ധതിയിലുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.