തരൂര്‍ എന്തുകൊണ്ട് ഇപ്പോള്‍ ഹിന്ദുവാകുന്നു?

Thursday 19 April 2018 4:00 am IST
മാനവധര്‍മം, സനാതനധര്‍മം, ഹിന്ദുയിസം, ഹിന്ദുത്വം എന്നിവ ചരിത്രത്തിലൂടെ സഞ്ചരിച്ചെത്തിയ പദങ്ങളാണ്. ഭാരതീയ സംസ്‌കാരത്തിന്റെ തനിമയെ വിശേഷിപ്പിക്കാനാണ് ഈ പദങ്ങള്‍ ഉപയോഗിച്ചുപോരുന്നത്. മൗലികമായ അര്‍ത്ഥവ്യത്യാസങ്ങളൊന്നും ഈ വാക്കുകള്‍ തമ്മിലില്ല. ഉണ്ടെന്നു വരുത്താന്‍ രാഷ്ട്രീയപ്രേരിതമായി വിഫലശ്രമം നടത്തുകയാണ് തരൂര്‍.

ചില ശീര്‍ഷകങ്ങള്‍ അങ്ങനെയാണ്. ചരിത്രത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കും. 'വിര്‍ജീനിയ വൂള്‍ഫിനെ ആര്‍ക്കാണ് പേടി?' എന്നത് അമേരിക്കന്‍ എഴുത്തുകാരനായ എഡ്വേര്‍ഡ് ആല്‍ബിയുടെ നാടകമായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ സാഹിത്യത്തിലെ ആധുനികതയുടെ മുഖ്യ വക്താവായിരുന്ന നോവലിസ്റ്റ് വിര്‍ജീനിയ വൂള്‍ഫുമായി ഇതിന് ബന്ധമൊന്നുമില്ല. സമൂഹം പുലര്‍ത്തുന്ന മിഥ്യാധാരണകളെ തകര്‍ക്കുന്ന വ്യക്തികളെയും സംഘടനകളെയുമൊക്കെ സൂചിപ്പിക്കാന്‍ ഈ ശീര്‍ഷകം നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. 

'നിങ്ങള്‍ എന്തുകൊണ്ട് ഹിന്ദുവാകുന്നു?'   എന്ന ചോദ്യവും ഉത്തരങ്ങളും വകഭേദങ്ങളോടെ ആവര്‍ത്തിക്കപ്പെടുന്ന ശീര്‍ഷകമാണ്. 1975-ല്‍ അന്നത്തെ പ്രമുഖ ഇംഗ്ലീഷ് വാരികയായ 'ഇല്ലസ്‌ട്രേറ്റഡ് വീക്കിലി' രാജ്യത്തെ പ്രധാന നേതാക്കളോട് ഉന്നയിച്ച ചോദ്യമാണിത്. വ്യത്യസ്തമായാണ് പലരും പ്രതികരിച്ചത്. 'നിങ്ങളോട് ആര് പറഞ്ഞു ഞാന്‍ ഒരു ഹിന്ദുവാണെന്ന്?' എന്ന മറുചോദ്യമായിരുന്നു മുന്‍ മുഖ്യമന്ത്രി സി. അച്ചുതമേനോന്‍ ഉന്നയിച്ചത്. 'ഞാന്‍ ഒരു ഹിന്ദുവല്ല' എന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് തീര്‍ത്തുപറഞ്ഞു. ഹിന്ദുവായി ജനിച്ചിട്ടും, അപകര്‍ഷബോധംകൊണ്ട് അത് അംഗീകരിക്കാനോ, അങ്ങനെ അറിയപ്പെടാനോ ആഗ്രഹിക്കാത്ത രാഷ്ട്രീയ നേതാക്കളായിരുന്നു അന്ന് അധികവും. ഈ പശ്ചാത്തലത്തിലാണ് 'ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്' എന്ന കോണ്‍ഗ്രസ്സ് നേതാവും വിവാദപുരുഷനുമായ ശശി തരൂര്‍ എംപിയുടെ പുസ്തകം ശ്രദ്ധേയമാകുന്നത്.

ഇംഗ്ലീഷില്‍ ആകര്‍ഷകമായി എഴുതാന്‍ കഴിവുള്ളയാളാണ് തരൂര്‍. ആ ഭാഷയില്‍ പാണ്ഡിത്യവുമുണ്ട്. വിഷയങ്ങള്‍ കൃത്യമായി തെരഞ്ഞെടുക്കാനും തരൂരിനറിയാം. പക്ഷേ ഇവയൊന്നും അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിന്റെ മേന്മയാകുന്നില്ല.

'ഹിന്ദുയിസം' എന്നതില്‍നിന്ന് വ്യത്യസ്തവും അതിന് വിരുദ്ധവുമാണ് 'ഹിന്ദുത്വം.' 'ഹിന്ദുയിസം' സ്വീകാര്യമാകുമ്പോള്‍, 'ഹിന്ദുത്വം' നിഷേധാത്മകവും അസ്വീകാര്യവുമാണെന്ന് വരുത്താനാണ് ഈ പുസ്തകത്തില്‍ തരൂര്‍ ശ്രമിക്കുന്നത്. ഭാഷാപരമായിത്തന്നെ യുക്തിരഹിതമാണ് ഇതെന്ന് ആദ്യമേ പറയട്ടെ. മാനവധര്‍മം, സനാതനധര്‍മം, ഹിന്ദുയിസം, ഹിന്ദുത്വം എന്നിവ ചരിത്രത്തിലൂടെ സഞ്ചരിച്ചെത്തിയ പദങ്ങളാണ്. ഭാരതീയ സംസ്‌കാരത്തിന്റെ തനിമയെ വിശേഷിപ്പിക്കാനാണ് ഈ പദങ്ങള്‍ ഉപയോഗിച്ചുപോരുന്നത്. മൗലികമായ  അര്‍ത്ഥവ്യത്യാസങ്ങളൊന്നും ഈ വാക്കുകള്‍ തമ്മിലില്ല. ഉണ്ടെന്നു വരുത്താന്‍ രാഷ്ട്രീയപ്രേരിതമായി വിഫലശ്രമം നടത്തുകയാണ് തരൂര്‍.

സാമ്രാജ്യത്വ വാഴ്ചക്കാലത്ത് പ്രചാരം നേടിയ വാക്കാണ് ഹിന്ദുയിസം. ബ്രഹ്മസമാജ സ്ഥാപകനായ റാം മോഹന്‍ റായ് ആണ് ഇത് ആദ്യം ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു. ഹിന്ദുധര്‍മം എന്ന അര്‍ത്ഥമാണ് ഇതിന് കല്‍പ്പിക്കപ്പെടുന്നത്. സംസ്‌കൃതത്തില്‍ 'ത്വ' എന്ന പരപ്രത്യയം (ഒടുവില്‍ ചേര്‍ക്കുന്ന വിശേഷണം) മൗലികസ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. പ്രത്യയശാസ്ത്രങ്ങള്‍, സിദ്ധാന്തങ്ങള്‍, കലാചിന്തകള്‍ എന്നിവയെക്കുറിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നതാണ് 'ഇസം.' കമ്യൂണിസം, ഫാസിസം, ഇംപ്രഷനിസം, എക്‌സിസ്റ്റന്‍ഷ്യലിസം എന്നിവ ഉദാഹരണം. ക്രിസ്റ്റിസം എന്നല്ല, 'ക്രിസ്റ്റ്യാനിറ്റി' എന്നാണല്ലോ പ്രയോഗം. ഹിന്ദുത്വത്തിനും ഇത് ബാധകമാണ്. ഭാരതത്തിന്റെ കാലാതീതമായ സംസ്‌കാരത്തെ സൂചിപ്പിക്കാന്‍ പാശ്ചാത്യനാടുകളിലും മറ്റും സ്വീകാര്യത നേടിക്കഴിഞ്ഞതാണ് ഹിന്ദുയിസം. ഇതുകൊണ്ടുതന്നെ 'ഹിന്ദുയിസ'ത്തെ നിരാകരിക്കേണ്ട യാതൊരു ആവശ്യവും 'ഹിന്ദുത്വ'വാദികള്‍ക്കില്ല.

ഹിന്ദുത്വം നിഷിദ്ധമാണെന്ന് വരുത്തുന്ന തരൂര്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി വിവിധ വിധിന്യായങ്ങളില്‍ പറഞ്ഞിട്ടുള്ളത് അറിയാതെ പോവുകയോ കണ്ടില്ലെന്ന് നടിക്കുകയോ ആണ്. ഹിന്ദു, ഹിന്ദുയിസം, ഹിന്ദുത്വം എന്നീ പ്രയോഗങ്ങളെ വിവിധ സന്ദര്‍ഭങ്ങളില്‍ സുപ്രീംകോടതി വിശദീകരിച്ചിട്ടുണ്ട്. ഒരവസരത്തിലും 'ഹിന്ദുത്വ'മെന്നത് ഹിന്ദുയിസത്തിന്റെ തീവ്രവാദപരമോ മതഭ്രാന്തമോ ആയ പാഠഭേദമാണെന്ന് വിദൂരമായിപ്പോലും കോടതി പറഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹിന്ദുയിസം, ഹിന്ദുത്വ എന്നീ വാക്കുകള്‍ ഉപയോഗിച്ച് വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണോയെന്ന് പരിശോധിച്ച് 1996-ല്‍ ജസ്റ്റിസ് ജെ. എസ്. വര്‍മയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമായി വിശദീകരിച്ചത് ഇങ്ങനെയാണ്: ''ഹിന്ദുയിസം, ഹിന്ദുത്വം എന്നീ വാക്കുകള്‍ ജനതയുടെ ജീവിതരീതിയായി ചിത്രീകരിക്കപ്പെടുന്ന സംസ്‌കാരവുമായി ബന്ധമില്ലാതെ, ഹിന്ദുമതാചരണത്തില്‍ മാത്രമായി പരിമിതപ്പെടുന്നതാണെന്ന സങ്കുചിത ചിന്ത വേണ്ട... ഹിന്ദുത്വം, ഹിന്ദുയിസം എന്നിവ ഒരു പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നത് സ്വഭാവികമായിത്തന്നെ മറ്റു മതങ്ങളെ മതപരമായി എതിര്‍ക്കുന്നതാണെന്നോ, ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് ഹിന്ദുമതമല്ലാതെ മറ്റ് മതങ്ങള്‍ ആചരിക്കുന്ന എല്ലാവരോടും വിരോധമുണ്ടാക്കുന്നതാണെന്നോ ഉള്ള ധാരണയില്‍ കേസെടുക്കുന്നത് നിയമപരമായി തെറ്റും വിഭ്രാന്തിയുമായിരിക്കും.'' സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്ന ഈ വിഭ്രാന്തി തരൂരിനേയും ബാധിച്ചിട്ടുണ്ട്.

ഹിന്ദുയിസം, ഹിന്ദുത്വം എന്നീ വാക്കുകളുടെ കാര്യത്തിലെ അവ്യക്തതയും ആശയക്കുഴപ്പവും 'ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാകുന്നു' എന്ന പുസ്തകത്തില്‍ ശശി തരൂര്‍ മുന്നോട്ടുവയ്ക്കുന്ന വാദഗതികളിലുമുണ്ട്. ചരിത്രബോധമില്ലാതെയാണ് അദ്ദേഹം പല വിമര്‍ശനങ്ങളും ഉന്നയിക്കുന്നത്. നൂറ്റാണ്ടുകള്‍ നിലനിന്ന മുഗള്‍ഭരണം ആരുടെയും ഭാവനാ സൃഷ്ടിയായിരുന്നില്ല. വി.എസ്. നയ്പാള്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നതുപോലെ, മുസ്ലിം ആക്രമണകാരികള്‍ വിനോദസഞ്ചാരികളെപ്പോലെ ഭാരതത്തിലേക്ക് വന്ന് കാഴ്ചകള്‍ കണ്ട് മടങ്ങിപ്പോയവരല്ല. കൊടിയ പീഡനങ്ങളും കൊള്ളകളും ധ്വംസനങ്ങളുമാണ് അവര്‍ ഇവിടെ നടത്തിയത്. ഇവയെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ടായിരുന്നു. കര്‍ണാടകയില്‍ ഉയര്‍ന്നുവന്ന വിജയനഗര സാമ്രാജ്യവും, മഹാരാഷ്ട്രയില്‍ ശിവജി സ്ഥാപിച്ച ഹിന്ദുസാമ്രാജ്യവും ഇല്ലായിരുന്നുവെങ്കില്‍ തരൂര്‍ അഭിമാനിക്കുന്ന 'ഹിന്ദുയിസം' ഇന്നുകാണുന്ന രീതിയില്‍ അവശേഷിക്കുമായിരുന്നില്ല. ഞാനും ഒരു ഹിന്ദുവാണെന്ന് ഇപ്പോള്‍ പറയുന്ന തരൂരിന്റെ സ്ഥാനത്ത് ഒരു തസ്ലിമുദ്ദീനോ മറ്റോ ആണുണ്ടാവുക. വിജയനഗര സാമ്രാജ്യത്തേയും ഹിന്ദുസാമ്രാജ്യത്തേയും ഹിന്ദുയിസമെന്നോ ഹിന്ദുത്വമെന്നോ കള്ളിതിരിക്കാനാവില്ല. ഇക്കാലത്തും ഹിന്ദുധര്‍മവും ഹിന്ദുസമൂഹവും ഭാരതത്തിനകത്തുനിന്നും പുറത്തുനിന്നും അപകടങ്ങളും ഭീഷണികളും നേരിടുകയാണ്. ആത്മവഞ്ചന മുഖമുദ്രയാക്കിയ എഴുത്തുകാര്‍ ഇത് അവഗണിക്കുകയും ലളിതവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. ഇത് ശരിവയ്ക്കുന്നത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും.

സ്വാമി വിവേകാനന്ദന്റെ കാര്യത്തിലും തരൂര്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ നോക്കുന്നുണ്ട്. 'ഹിന്ദുത്വരഹിത ഹിന്ദുയിസ'ത്തിലാണത്രെ വിവേകാനന്ദന്‍ ഉള്‍പ്പെടുന്നത്! ജ്യോതിര്‍മയി ശര്‍മയെപ്പോലുള്ള ബിജെപി വിരുദ്ധരായ ബുദ്ധിജീവികള്‍ വിവേകാനന്ദനെ 'ഹിന്ദുത്വവാദി'യായും, നവബ്രാഹ്മണ്യത്തിന്റെ പ്രവാചകനായും മറ്റും അവതരിപ്പിക്കുമ്പോഴാണ് തരൂര്‍ വിരുദ്ധ നിലപാടെടുക്കുന്നത്. അവസരവാദപരമാണിത്.

നിങ്ങള്‍ എന്തുകൊണ്ട് ഹിന്ദുവാകുന്നു എന്ന് 'ഇല്ലസ്‌ട്രേറ്റഡ് വീക്കിലി,' അന്നത്തെ കോണ്‍ഗ്രസ്സ് നേതാവ് ജഗ്ജീവന്‍ റാമിനോടും ചോദിച്ചിരുന്നു. ഹിന്ദുവാണെന്നായിരുന്നു മറുപടി. എന്നാല്‍ നെഹ്‌റൂവിയന്‍ പാരമ്പര്യം ഇതല്ല. താന്‍ ആകസ്മികമായി മാത്രമാണ്  ഹിന്ദുവാകുന്നതെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസ്താവന കുപ്രസിദ്ധമാണല്ലോ. ഹിന്ദുവല്ലെന്ന് പറയാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാതിരുന്ന നെഹ്‌റൂവിയന്‍ മതേതരക്കാര്‍ക്ക് ഇപ്പോള്‍ മനംമാറ്റം സംഭവിച്ചിരിക്കുന്നു! രാഷ്ട്രീയരംഗത്തും സമ്പദ്‌വ്യവസ്ഥയിലും മാത്രമല്ല, സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ മേഖലയിലും കോണ്‍ഗ്രസ്സ്-ഇടതുപക്ഷ ആധിപത്യം തകരുന്നത് നെഹ്‌റൂവിയന്‍ മതേതരവാദികള്‍ക്ക് കടുത്ത നൈരാശ്യത്തോടെ നോക്കിനില്‍ക്കേണ്ടിവരുന്നു. ജാതീയതയും അന്ധവിശ്വാസവും നിറഞ്ഞ ജീര്‍ണിച്ച പുരാവസ്തുവാണ് ഹിന്ദുധര്‍മ്മം എന്ന ഇക്കൂട്ടരുടെ പതിറ്റാണ്ടുകള്‍ നീണ്ട വാദഗതികള്‍ ഇപ്പോള്‍ വിലപ്പോവുന്നില്ല. 

ഇരുപതാം നൂറ്റാണ്ടിലെ നെഹ്‌റൂവിയന്‍ സോഷ്യലിസവും മാര്‍ക്‌സിസവും ലിബറലിസവുമൊക്കെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഹിന്ദുത്വത്തിനു മുന്നില്‍ നിഷ്പ്രഭമാവുകയാണ്. ഇതാണ് ആര്‍എസ്എസ്സിനേക്കാളും നരേന്ദ്ര മോദിയേക്കാളും ഹിന്ദുക്കളാണ് തങ്ങളെന്ന് തരൂരിനെപ്പോലുള്ളവര്‍ ഭാവിക്കുന്നത്. ഇങ്ങനെയൊരു നാട്യത്തിലൂടെ ഇപ്പോള്‍ 'അക്രമാസക്തമായ' ഹിന്ദുത്വത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന സാധാരണ ഹിന്ദുക്കളെ അടര്‍ത്തിമാറ്റി കോണ്‍ഗ്രസ്സ് മുദ്രയുള്ള 'സമാധാനപരമായ മതേതര ഹിന്ദുത്വ'ത്തിലേക്ക് ആകര്‍ഷിക്കാമെന്നാണ് കണക്കുകൂട്ടല്‍.

ഹിന്ദുധര്‍മം ആത്മീയതയില്‍ അധിഷ്ഠിതമാണെന്നത് ശരിതന്നെ. അതിന് തരൂരിനെപ്പോലുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. പക്ഷേ ചോരകൊണ്ട് ചെറുത്തുനില്‍ക്കേണ്ടി വന്നപ്പോഴൊക്കെ ഹിന്ദുക്കള്‍ അതിന് മടിച്ചിട്ടില്ല. ഇസ്ലാമികാധിപത്യത്തിന് കീഴടങ്ങിയ മറ്റ് രാജ്യങ്ങളിലെ സംസ്‌കാരങ്ങള്‍ പിഴുതെറിയപ്പെട്ടപ്പോള്‍ ഹിന്ദുധര്‍മം എങ്ങനെ അതിജീവിച്ചുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പല തലമുറകള്‍ ചോരകൊണ്ടാണ് ചെറുത്തുനിന്നത്. ഒരു പുസ്തകമെഴുതി ഈ സത്യം മൂടിവയ്ക്കാമെന്ന് തരൂരിനെപ്പോലുള്ളവര്‍ കരുതുന്നത് വിഡ്ഢിത്തമാണ്.

മതം സ്വയം തെരഞ്ഞെടുത്താലല്ലാതെ പാഴ്‌സിയായ അച്ഛനും ക്രിസ്തുമതക്കാരിയായ അമ്മയ്ക്കും പിറന്ന രാഹുല്‍ ഗാന്ധി ഹിന്ദുവാകുന്നില്ല. ഇതേയാള്‍ 'പൂണൂല്‍ധാരിയായ ബ്രാഹ്മണന്‍' ആണെന്ന് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ചത് ശുദ്ധകാപട്യമായിരുന്നു. കോണ്‍ഗ്രസ്സിന് സഹജമായ ഇതേ കാപട്യത്തിന്റെ ശരിപ്പകര്‍പ്പാണ് ശശി തരൂരിന്റെ 'ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാകുന്നു' എന്ന പുസ്തകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.