ഡബിൾ സ്ട്രോങ് ബ്രസീൽ

Thursday 19 April 2018 4:10 am IST

ഏഴാം ലോകകപ്പ് (1962) ചിലിയിലായിരുന്നു. പതിനാറു ടീമുകളാണ് ഇത്തവണയും ഫൈനല്‍ റൗണ്ടിനെത്തിയത്. ആതിഥേയരായ ചിലിയും നിലവിലെ ചാമ്പ്യന്മാരായ ബ്രസീലും നേരിട്ട് യോഗ്യത നേടി. ആതിഥേയര്‍ക്കും നിലവിലെ ചാമ്പ്യന്മാര്‍ക്കും പുറമെ അര്‍ജന്റീന, ബള്‍ഗേറിയ, ചിലി, കൊളംബിയ, ചെക്കോസ്ലോവാക്യ, ഇംഗ്ലണ്ട്, ഹംഗറി, ഇറ്റലി,  മെക്‌സിക്കോ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഉറുഗ്വെ, സോവിയറ്റ് യൂണിയന്‍, പശ്ചിമ ജര്‍മ്മനി, യൂഗോസ്ലാവ്യ എന്നീ ടീമുകളാണ് യോഗ്യതാ മത്സരങ്ങള്‍ കളിച്ച് ഫൈനല്‍ റൗണ്ടിലെത്തിയത്. ഇതില്‍ കൊളംബിയയും ബള്‍ഗേറിയയും കന്നിക്കാരായിരുന്നു.

നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പോരാട്ടങ്ങള്‍. മെയ് 30 മുതല്‍ ജൂണ്‍ 17 വരെ നാല് വേദികളിലായിട്ടാണ് ഫൈനല്‍ റൗണ്ട് അരങ്ങേറിയത്. 32പോരാട്ടങ്ങളില്‍ നിന്ന് ഒരു ഹാട്രിക്ക് ഉള്‍പ്പെടെ 89 ഗോളുകളും പിറന്നു. ഗ്രൂപ്പ് നാലില്‍ ബള്‍ഗേറിയക്കെതിരെ ഹംഗറിയുടെ ഫ്‌ളോറിയാന്‍ ആല്‍ബര്‍ട്ടാണ് ചിലി  ലോകകപ്പിലെ ഏക ഹാട്രിക്കിന് അവകാശി.

ബ്രസീലിലും തന്റെ ആദ്യ ലോകകപ്പില്‍ തന്നെ ഹീറോയായി മാറിയ പെലെയിലുമായിരുന്നു എല്ലാവരുടെയും കണ്ണ്. രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ് പിന്‍വാങ്ങിയ പെലെക്ക് പിന്നീട് കളത്തിലിറങ്ങാനായില്ലെന്നത് എന്നാല്‍ ആരാധകരെ നിരാശരാക്കി. മെക്‌സിക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ സഗല്ലോ നേടിയ ഗോളിന് വഴിയൊരുക്കിയ പെലെ ഒരു ഗോളും നേടി. നാല് പ്രതിരോധനിരക്കാരെ വെട്ടിച്ച് കയറിയശേഷമാണ് പെലെ മെക്‌സിക്കന്‍ വല കുലുക്കിയത്. ചെക്കോസ്ലോവാക്യക്കെതിരായ മത്സരത്തിനിടെയാണ് പെലെക്ക് പരിക്കേറ്റത്. പെലെക്ക് പകരമായി അമാരില്‍ഡോ ടവരേസാണ് കാനറി നിരയിലെത്തി.

സോവിയറ്റ് യൂണിയനും, യൂഗോസ്ലാവ്യയും  പശ്ചിമ ജര്‍മ്മനിയും  ചിലിയും ബ്രസീലും ചെക്കോസ്ലോവാക്യയും ഹംഗറിയും ഇംഗ്ലണ്ടും ക്വാര്‍ട്ടറിലേക്ക് മുന്നേറി.  ചിലി 2-1ന് സോവിയറ്റ് യൂണിയനെയും ചെക്കോസ്ലോവാക്യ 1-0ന് ഹംഗറിയെയും ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെയും യൂഗോസ്ലാവ്യ 1-0ന് പശ്ചിമ ജര്‍മ്മനിയെയും കീഴടക്കി. സെമിയില്‍ ബ്രസീലിന് ചിലിയും യൂഗോസ്ലാവ്യക്ക് ചെക്കോസ്ലോവാക്യയുമായിരുന്നു എതിരാളികള്‍. 

ജൂണ്‍ 12ന് നടന്ന സെമിയില്‍ ബ്രസീല്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ചിലിയെയും ചെക്കോസ്ലോവാക്യ 3-1ന് യൂഗോസ്ലാവ്യയെയും പരാജയപ്പെടുത്തി കിരീടപ്പോരാട്ടത്തിന് കച്ചമുറുക്കി. ജൂണ്‍ 17ന് ഏകദേശം 69,000 കാണികളെ സാക്ഷിനിര്‍ത്തി സാന്റിയാഗോയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍  ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെക്കോസ്ലോവാക്യയെ തകര്‍ത്ത് ബ്രസീല്‍ ലോക കിരീടം നിലനിര്‍ത്തി. ഇറ്റലിക്ക് ശേഷം (1934, 1938) ആദ്യമായി ഈ  നേട്ടം കുറിക്കുന്ന രാജ്യമെന്ന പെരുമയും ബ്രസീല്‍ സ്വന്തമാക്കി.

സൂപ്പര്‍ താരങ്ങളായ ഗരിഞ്ച, വാവ, ദിദി തുടങ്ങിയവരുടെ കരുത്തിലാണ് കാനറികള്‍ തുടര്‍ച്ചയായ രണ്ടാം ലോകകിരീടം കൊത്തിപ്പറന്നത്. ഫൈനലില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബ്രസീല്‍ മൂന്നെണ്ണം അടിച്ചത്. ബ്രസീലിന് വേണ്ടി 17-ാം മിനിറ്റില്‍ അമാരില്‍ഡോ, 69-ാം മിനിറ്റില്‍ സിറ്റോ, 78-ാം മിനിറ്റില്‍ വാവ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ചെക്കോസ്ലോവാക്യയുടെ ഗോള്‍ 15-ാം മിനിറ്റില്‍ ജോസഫ് മസോപുസ്റ്റായിരുന്നു നേടിയത്. യൂഗോസ്ലാവ്യയെ 1-0ന് തോല്‍പ്പിച്ച് ചിലി മൂന്നാംസ്ഥാനം കരസ്ഥമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.