അപരാജിത റെക്കോഡിൽ തൂങ്ങി ബാഴ്സ

Thursday 19 April 2018 4:15 am IST

മാഡ്രിഡ്: പകരക്കാരനായി ലയണല്‍ മെസി ഇറങ്ങിയിട്ടും ബാഴ്‌സലോണയ്ക്ക് വിജയം പിടിക്കാനായില്ല. പത്തുപേരുമായി പൊരുതിയ അവര്‍ ലാലിഗയില്‍ സെല്‍റ്റ വിഗോയുമായി സമനില പിടിച്ചു 2-2. ഇതോടെ തുടര്‍ച്ചയായി നാല്‍പ്പത് മത്സരങ്ങില്‍ തോല്‍വിയറിത്ത ടീമായി ബാഴ്‌സ. ഇതു റെക്കോഡാണ്.

ഒരു മണിക്കൂറിനുശേഷമാണ് മെസി പകരക്കാരനായി കളിക്കളത്തിലിറങ്ങിയത്. മെസിയെത്തിയതോടെ പോരാട്ടം മുറുക്കിയ ബാഴസ് നാലു മിനിറ്റുകള്‍ക്കുള്ളില്‍ ഗോള്‍ നേടി 2-1 ന് മുന്നിലെത്തി. പാക്കോ അല്‍ക്കാസറാണ് സ്‌കോര്‍ ചെയ്തത്.

ഏറെ താമസിയാതെ  സെര്‍ജി റോബര്‍ട്ടോയെ റഫറി പുറത്താക്കിയതോടെ ബാഴ്‌സ പത്തുപേരായി ചുരുങ്ങി. അവസരം മുതലാക്കിയ സെല്‍റ്റ 82-ാം മിനിറ്റില്‍ ഗോള്‍ മടക്കി സമനില നേടി. അസ്പസാണ് ഗോള്‍ നേടിയത്.

ഒപ്പത്തിനൊപ്പം എത്തിയതോടെ അവസാന നിമിഷങ്ങളില്‍ വിജയഗോളിനായി സെല്‍റ്റ തകര്‍ത്തുകളിച്ചു. പകരക്കാരനായി ഇറങ്ങിയ ലുക്കാസ് ബോയ്ക്ക് സെല്‍റ്റയെ വിജയത്തിലെത്തിക്കാന്‍ കനകാവസരം ലഭിച്ചു. പക്ഷെ അവസരം മുതലാക്കാന്‍ ലുക്കാസിന് കഴിഞ്ഞില്ല.

തുടക്കത്തില്‍ ഡെംബാലെ ബാഴ്‌സയെ മുന്നിലെത്തിച്ചു. ഒമ്പത് മിനിറ്റിനുള്ളില്‍ സെല്‍റ്റ ഗോള്‍ മടക്കി. ജോണി കാസ്‌ട്രോയാണ് സ്‌കോര്‍ ചെയ്തത്. ഈ സമനിലയോടെ ബാഴ്‌സ 33 മത്സരങ്ങളില്‍ 83 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 32 മത്സരങ്ങളില്‍ 71 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.

32 മത്സരങ്ങളില്‍ 67 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുണ്ട്. ബാഴ്‌സക്കെതിരായ മത്സരത്തില്‍ ഞങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നെന്ന് സെല്‍റ്റ വിഗോ കോച്ച് യുവാന്‍ കാര്‍ലോസ് അണ്‍സു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.