റെയ്‌നയെ മറികടന്ന് കോഹ്‌ലി

Thursday 19 April 2018 4:20 am IST

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന റെക്കോഡ് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലിക്ക്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിചയ സമ്പന്നനായ സുരേഷ് റെയ്‌നയെ മറികടന്നാണ്  കോഹ്‌ലി  ചരിത്രം കുറിച്ചത്. മുംബൈക്കെതിരെ 32 റണ്‍സ് നേടിയപ്പോള്‍ കോഹ്‌ലി റെയ്‌നയുടെ 4,558 റണ്‍സ് മറികടന്ന് മുന്നിലെത്തി. മത്സരത്തില്‍ കോഹ് ലി 62 പന്തില്‍ 92 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ കോഹ് ലിക്ക് ഐപിഎല്ലില്‍ 153 ഇന്നിങ്‌സില്‍ 4,619 റണ്‍സായി. ഈ സീസണിന്റെ അവസാനത്തോടെ കോഹ്‌ലി അയ്യായിരം റണ്‍സ് കടക്കുമെന്നാണ് പ്രതീക്ഷ. ഈ സീസണില്‍ നാല് ഇന്നിങ്ങ്‌സിലായി 201 റണ്‍സ് നേടിയ കോഹ്‌ലി റണ്‍വേട്ടയില്‍ മുന്നിട്ടു നില്‍ക്കുകയാണ്.

ഏഴു ഫോറും നാലു സിക്‌സറും അടിച്ചുകൂട്ടിയ കോഹ്‌ലിയുടെ  ഇന്നിങ്‌സും റോയല്‍ ചലഞ്ചേഴ്‌സിന് വിജയം സമ്മാനിച്ചില്ല. 46 റണ്‍സിന് അവര്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റു. നാലു മത്സരങ്ങളില്‍ റോയല്‍സിന്റെ രണ്ടാം തോല്‍വിയാണിത്. അടുത്ത മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 21 ന് ദല്‍ഹി ഡയര്‍ഡെവിള്‍സിനെ നേരിടും. ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.