ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചു; കലാപത്തിന് വീണ്ടും നീക്കം

Thursday 19 April 2018 4:30 am IST

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത് പോലീസിന്റെ വന്‍ വീഴ്ചയെന്നു വ്യക്തമായി. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പു റിപ്പോര്‍ട്ട് പൂര്‍ണമായും അവഗണിക്കുകയായിരുന്നു. ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വാട്‌സ്ആപ് സന്ദേശമടക്കമുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇന്റലിജന്‍സ് ഐജി വിനോദ്കുമാറിന് നല്‍കിയത്. എന്നാല്‍ മുന്‍കരുതല്‍ സ്വീകരിക്കാതെ അക്രമത്തിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു ഭരണനേതൃത്വം. വര്‍ഗീയകലാപത്തിനുള്ള ബോധപൂര്‍വമായ നീക്കമായിരുന്നു ഹര്‍ത്താലെന്ന് ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസത്തേതിനു സമാനമായ കലാപത്തിന് ഇസ്ലാമിക സംഘടനകള്‍  വീണ്ടും ശ്രമം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചു. ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവിലിറങ്ങുക എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് കോഴിക്കോട്ട് റാലി സംഘടിപ്പിക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചിരുന്നു. ചലോ കോഴിക്കോട് എന്ന മുദ്രാവാക്യവുമായി വ്യാപകമായ പ്രചാരണവും നടന്നു. സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി റാലി സംഘടിപ്പിക്കാനായിരുന്നു നീക്കം. നഗരത്തില്‍ പോലീസ് ഒരാഴ്ചത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റാലി മാറ്റിവെക്കാന്‍ തീരുമാനിച്ചു എന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയിലും സംസ്ഥാന സെക്രട്ടറി റോയ് അറയ്ക്കലും പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഇത് പൂര്‍ണമായി വിശ്വസിക്കാന്‍ പോലീസ് തയാറായിട്ടില്ല. ഇപ്പോഴും വാട്‌സ്ആപ്പില്‍ ചലോ കോഴിക്കോട് റാലിക്കുള്ള ആഹ്വാനം പ്രചരിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ അക്രമസാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാകാന്‍ ഇടയാക്കിയത്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍  ഉണ്ടായാല്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടാന്‍ പദ്ധതിയിട്ടുവെന്ന വിവരം ലഭിച്ചിട്ടും അക്രമം അടിച്ചമര്‍ത്താന്‍ പോലീസിന് കഴിയാതിരുന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരസ്യമായ ഏറ്റുമുട്ടലിന് ലക്ഷ്യം വെച്ചുകൊണ്ടാണ് തെരുവുകളില്‍ പ്രകടനം നടന്നത്. ഓരോ പ്രദേശത്തേക്കും മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവരെ നിയോഗിച്ചാണ് പ്രകടനങ്ങള്‍ ആസൂത്രണം ചെയ്തത്. പ്രകടനത്തിനും അക്രമത്തിനും നേതൃത്വം കൊടുത്തവരെ പോലീസിന് തിരിച്ചറിയാതിരിക്കാനുള്ള തന്ത്രമാണ് നടപ്പാക്കിയത്. 

വ്യാപകമായി ഉണ്ടായ അക്രമത്തെ തുടര്‍ന്ന് പിടിയിലായവരില്‍ ഭൂരിഭാഗവും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളില്‍പ്പെട്ടവരാണ്. വെല്‍ഫയര്‍ പാര്‍ട്ടി,    മുസ്ലിം ലീഗ്, സിപിഐ, സിപിഎം തുടങ്ങിയ സംഘടനകളില്‍പ്പെട്ടവരും അറസ്റ്റിലായിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.