ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം; മൂന്ന് പോലീസുകാർ അറസ്റ്റിൽ

Thursday 19 April 2018 4:45 am IST

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാര്‍ അറസ്റ്റില്‍. റൂറല്‍ എസ്പി എ.വി. ജോര്‍ജിന്റെ നിയന്ത്രണത്തിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ആലുവ പോലീസ് ക്ലബ്ബില്‍ മൂവരെയും വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ്  രേഖപ്പെടുത്തിയത്. 

അറസ്റ്റിന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കിയിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെ അയല്‍ക്കാരും ബന്ധുക്കളും അടക്കം മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസില്‍ ഏഴു പോലീസുകാര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയേക്കുമെന്നാണ് സൂചന. അറസ്റ്റിലായ മൂന്ന് പോലീസുകാര്‍ക്കു പുറമേ സിഐയും എസ്‌ഐയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീജിത്തിനെ അറസ്റ്റു ചെയ്തശേഷം പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മറ്റ് പോലീസ് ഉദ്യോഗസ്ഥരും മര്‍ദ്ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇവരെയും അറസ്റ്റ് ചെയ്യണമെന്നും അതിന് വേണ്ടി നിയമപോരാട്ടം നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു. 

വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കഴിഞ്ഞ ആറിനാണ് ശ്രീജിത്തിനെ പോലീസ് വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയത്. ഏഴിന് രാവിലെ അവശനിലയിലായ  ശ്രീജിത്തിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ശ്രീജിത്തിനെ ഉരുട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന സൂചന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.