കോണ്‍ഗ്രസ് ബന്ധം ആവര്‍ത്തിച്ച് യെച്ചൂരി; സാധ്യമല്ലെന്ന് കാരാട്ട്

Thursday 19 April 2018 3:00 am IST

ന്യൂദല്‍ഹി: ബിജെപിയെ പരാജയപ്പെടുത്താന്‍ മുഴുവന്‍ ജനാധിപത്യ മതേതര ശക്തികളുടെയും പിന്തുണ തേടണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹൈദരാബാദില്‍ നടക്കുന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ അധികാരത്തില്‍നിന്നും താഴെയിറക്കുകയാണ് പ്രധാന ലക്ഷ്യം. അതിന് മുഴുവന്‍ ശക്തികളും ഒന്നിക്കണമെന്നും യെച്ചൂരി പറഞ്ഞു. ബിജെപിക്കെതിരെ പ്രസംഗത്തില്‍ ആഞ്ഞടിച്ച യെച്ചൂരി എന്നാല്‍ കോണ്‍ഗ്രസ്സിനെ പരാമര്‍ശിച്ചില്ല. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്ന തന്റെ പഴയ നിലപാട് പേരെടുത്തുപറയാതെ ആവര്‍ത്തിക്കുകയാണ് യെച്ചൂരി ചെയ്തത്. കോണ്‍ഗ്രസ് ബൂര്‍ഷ്വാ ഭൂപ്രഭു പാര്‍ട്ടിയാണെന്നും സഖ്യം സാധ്യമല്ലെന്നും മുന്‍ ജനറല്‍ സെക്രട്ടറി കാരാട്ട് തിരിച്ചടിച്ചു. ഇതോടെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയുണ്ടായ യെച്ചൂരി-കാരാട്ട് പോര് പാര്‍ട്ടി കോണ്‍ഗ്രസ്സിലും പ്രതിഫലിച്ചു.

 യെച്ചൂരിയുടെ രാഷ്ട്രീയ ലൈന്‍ നേരത്തെ കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് അന്തിമ തീരുമാനമെന്ന് പറഞ്ഞ് നാണക്കേട് മറക്കാന്‍ ശ്രമിക്കുകയാണ് അന്ന് യെച്ചൂരി പക്ഷം ചെയ്തത്. ഇന്നലെയും അദ്ദേഹം ഈ നിലപാട് ആവര്‍ത്തിച്ചു. ബിജെപിക്കെതിരായ യോജിച്ചുള്ള പോരാട്ടത്തിന് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വഴിതെളിയുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ അടവു നയം പാര്‍ട്ടി തീരുമാനിച്ചു കഴിഞ്ഞതാണെന്നും കോണ്‍ഗ്രസ് സഹകരണം ആവശ്യപ്പെടുന്നത് പാര്‍ട്ടിയിലെ ന്യൂനപക്ഷം മാത്രമാണെന്നും കാരാട്ട് മറുപടി നല്‍കി. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ട്. കര്‍ണ്ണാടകത്തിലും ഇതേ നിലപാടാണ് കൈക്കൊണ്ടത്. ജനറല്‍ സെക്രട്ടറിയുടേത് ന്യൂനപക്ഷ നിലപാടാണ്. കാരാട്ട് പറഞ്ഞു.

 സമ്മേളനത്തില്‍ പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസ് സഹകരണത്തിന് വാദിക്കുന്ന, കേന്ദ്ര കമ്മറ്റി തള്ളിക്കളഞ്ഞ ബദല്‍ രേഖ യച്ചൂരിയും അവതരിപ്പിച്ചു. ആദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ബദല്‍രേഖ വരുന്നത്. സംസ്ഥാന ഘടകങ്ങളുടെ നിലപാടുകള്‍ക്ക് ശേഷമാകും ഇതില്‍ അന്തിമ തീരുമാനം. ബംഗാള്‍ ഘടകം യെച്ചൂരിക്കും കേരള ഘടകം കാരാട്ടിനുമൊപ്പമാണ്. ബിജെപിയോട് തോറ്റ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സഹകരണമാകാമെന്ന നിലപാടിലേക്ക് ത്രിപുര ഘടകവും എത്തിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.