ആധാർ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നത് ഗൂഗിളും സ്മാർട് കാർഡ് ലോബിയും

Thursday 19 April 2018 8:01 am IST

ന്യൂദല്‍ഹി: ആധാര്‍ വിജയിക്കുന്നതില്‍ ഗൂഗിളിനും സ്മാര്‍ട് കാര്‍ഡ് ലോബിക്കും ശക്തമായ എതിര്‍പ്പുണ്ടെന്ന് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ). ആധാര്‍ സമ്പൂര്‍ണ തിരിച്ചറിയല്‍ രേഖയായാല്‍ ഇവരുടെ പ്രസക്തി നഷ്ടപ്പെടുമെന്നതാണ് കാരണം. അതിനാല്‍ ആധാര്‍ പരാജയപ്പെടണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. 

സുപ്രീം കോടതിയിലാണ് യുഐഡിഎഐ ഞെട്ടിപ്പിക്കുന്ന വിശദീകരണം നല്‍കിയത്. ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഗൂഗിളിന്റെയും സ്മാര്‍ട് കാര്‍ഡ് ലോബിയുടെയും എതിര്‍പ്പാണ് ഇപ്പോഴത്തെ മുഴുവന്‍ ആരോപണങ്ങള്‍ക്കും കാരണമെന്ന് യുഐഡിഎഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ചൂണ്ടിക്കാട്ടി. 

യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക സംരംഭമായ സ്മാര്‍ട് കാര്‍ഡുകള്‍ പോലെ ആധാറും ആക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം നടക്കുന്നുണ്ട്. വിവരങ്ങള്‍ യുഐഡിഎഐ സൂക്ഷിക്കുന്നതിന് പകരം ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ പോലെ സൈ്വപ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ആധാര്‍ കാര്‍ഡുകള്‍ സ്മാര്‍ട് കാര്‍ഡുകള്‍ക്ക് സമാനമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ചിലര്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്.  ഇത് ചൂണ്ടിക്കാട്ടിയാണ് യുഐഡിഎഐ ആഞ്ഞടിച്ചത്. 

ആധാറുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഭാവി തലമുറയെയും ബാധിക്കുന്നതാണെന്നും വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.  തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വിവാദ കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക നടത്തിയ നീക്കങ്ങള്‍ ആധാറുമായി ബന്ധപ്പെടുത്തരുതെന്ന് രാകേഷ് ദ്വിവേദി ആവശ്യപ്പെട്ടു. 

കേംബ്രിഡ്ജ് അനലിറ്റിക്കയെപ്പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ചല്ല ആധാറിന്റെ പ്രവര്‍ത്തനം. ആധാര്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാത്തതിനാല്‍ മോഷണം സാധ്യമല്ല. മികച്ച സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഏറ്റവും സുരക്ഷിതമായാണ് ആധാര്‍ വിരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇത് ആര്‍ക്കും ചോര്‍ത്താനാവില്ല. ആധാറിനെക്കുറിച്ച് അനാവശ്യ ഭീതി പരത്തുകയാണ്. 

അണുബോംബ് പോലെ ഏത് നിമിഷവും ആധാര്‍ വിവരങ്ങള്‍ പൊട്ടിത്തെറിക്കുമെന്നാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് വസ്തുതാ വിരുദ്ധമാണ്. ദ്വിവേദി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.