ദിവാകരന്‍ കൊലക്കേസ് സിപിഎമ്മുകാര്‍ കുറ്റക്കാര്‍

Thursday 19 April 2018 3:07 am IST

ആലപ്പുഴ: കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ചേര്‍ത്തല സ്വദേശി ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറു പ്രതികള്‍ കുറ്റക്കാരാണെന്ന് ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അനില്‍ കുമാര്‍ വിധിച്ചു. ശിക്ഷ 21ന് വിധിക്കും. 

 2009 നവംബര്‍ 29നാണ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ചേര്‍ത്തല നഗരസഭ 32-ാം വാര്‍ഡില്‍ കൊച്ചുപറമ്പില്‍ കെ.എസ്. ദിവാകരനു(56) നേരെ ആക്രമണമുണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ, 'വീട്ടിലൊരു കയര്‍ ഉത്പന്നം' പദ്ധതിയുടെ ഭാഗമായി കയര്‍ തടുക്ക് വില്‍പ്പന സംബന്ധിച്ച തര്‍ക്കമാണു ആക്രമണത്തിലും പിന്നീടു മരണത്തിലും കലാശിച്ചത്. തലയ്ക്ക് അടിയേറ്റ ദിവാരകരന്‍ ഡിസംബര്‍ ഒന്‍പതിനു മരിച്ചു. നഗരസഭ 32-ാം വാര്‍ഡില്‍ ചേപ്പിലപ്പൊഴി വി. സുജിത് (മഞ്ജു-38), കോനാട്ട് എസ്. സതീഷ്‌കുമാര്‍ (കണ്ണന്‍-38), ചേപ്പിലപ്പൊഴി പി. പ്രവീണ്‍ (32), വാവള്ളി എം. ബെന്നി (45), ചൂളയ്ക്കല്‍ എന്‍. സേതുകുമാര്‍ (45), കാക്കപ്പറമ്പത്തുവെളി ആര്‍. ബൈജു (45) എന്നിവര്‍ കുറ്റക്കാരാണെന്നാണു കണ്ടെത്തിയത്. 

 സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും ചേര്‍ത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായിരുന്നു ആര്‍. ബൈജു. വ്യാജവിസാ കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള ബൈജു ഇപ്പോള്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലുമാണ്. യുവനടിയുടെ ഡ്രൈവറായ സേതുകുമാര്‍ എറണാകുളത്ത് മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതിയാണ്. ഇതേകേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞതിനുശേഷം ബാര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ സുജിതിനെ പിന്നീട് ഗുണ്ടാ ആക്ടിലും ജയിലില്‍ അടച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.