കൊച്ചി: എല്ലാ പോലീസ് അതിക്രമ കേസുകളിലും അന്വേഷണം നടത്തി കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി എം.പി ആവശ്യപ്പെട്ടു. പോലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഇന്ന് രാവിലെ ശ്രീജിത്തിന്റെ വീട്ടിലെത്തിയ സുരേഷ് ഗോപി അമ്മ ശ്യാമളയുമായും ഭാര്യ അഖിലയുമായും സംസാരിച്ചു. അതേസമയം സംഭവത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ഇന്ന് മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കും. പറവൂര്‍ മജിസ്ട്രേറ്റിനെ ഹൈക്കോടതി സ്ഥലംമാറ്റിയ സാഹചര്യത്തില്‍ പ്രതികളെ പറവൂര്‍ മുന്‍സിഫ് കോടതിയിലാണ് ഹാജരാക്കുക. ബുധനാഴ്ച രാത്രിയാണ് മൂവരെയും അറസ്റ്റ് ചെയ്തത്.
കളമശേരി എആര്‍ ക്യാന്പിലെ പോലീസുകാരായ ജിതിന്‍രാജ്, സന്തോഷ്കുമാര്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക സ്ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ (ആര്‍ടിഎഫ്) അംഗങ്ങളായ ഇവരാണു ശ്രീജിത്തിനെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: