ഇത് ആരുടെ ഭരണം!

Thursday 19 April 2018 12:13 pm IST

നിരപരാധിയായ പാവം മനുഷ്യര്‍ക്ക് ജീവിക്കാന്‍ കൊള്ളാത്ത ഭീതിയുടെ നാടായി മാറുകയാണോ കേരളം. പലതും കാണുമ്പോള്‍ ഇങ്ങനെ ആധിയോടെ ചോദിച്ചുപോകുന്നുണ്ട് ബഹുഭൂരിപക്ഷം വരുന്ന സാധുവായ മനുഷ്യര്‍.  ആര്‍ക്കും ആരേയും കൊല്ലാം. പീഡിപ്പിക്കാം. ചതിക്കാം. അപമാനിക്കാം. ചോദിക്കാനും പറയാനും ആളില്ല. പോലീസ് പ്രതികളുടെ ഇഷ്ടക്കാരായി മാറുന്നു. ഇരയെ അപമാനിച്ച് അവര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്നു. നീതിയും നിയമവും വലിയ,പണമുള്ള, പ്രമുഖര്‍ക്കൊപ്പമാകുന്ന സ്ഥിതി. ചില വന്‍കിട കേസുകളില്‍ സര്‍ക്കാര്‍ തോറ്റുകൊടുത്ത് ഭീമമായ നഷ്ടം നാടിനുണ്ടാക്കുന്നു.

കൊലപാതകികളും ഗുണ്ടകളും തട്ടിപ്പുകാരും തീവ്രവാദികള്‍വരെ സുരക്ഷിതരായി കേരളത്തില്‍ വിലസുമ്പോള്‍ എങ്ങനെ ജീവിക്കുമെന്ന് സാധാരണക്കാരന്‍ പകച്ചുപോയാല്‍ അല്‍ഭുതപ്പെടാനില്ല. ഉത്തരവാദിത്തമില്ലാത്ത സര്‍ക്കാരുകൂടിയാകുമ്പോള്‍ പിന്നെ പറയാനുമില്ല. താല്‍ക്കാലിക നേട്ടത്തിനും നിലനില്‍പ്പിനുമായി എന്തിനോടും ഏതിനോടും സമരസപ്പെടുന്ന സര്‍ക്കാര്‍ ജനത്തിന്റെ സ്വത്തിനും ജീവനും യാതൊരു പരിഗണനയും നല്‍കുന്നുില്ല. ജനവിരുദ്ധ സര്‍ക്കാരിന്റെ ചെയ്തികള്‍കൊണ്ട് നിത്യേനെ കേരളത്തില്‍ സംഭവിക്കുന്ന ഗുരുതര പ്രശ്‌നങ്ങള്‍ അനവധിയാണ്. പൊതുജനത്തെ ശത്രുക്കളാക്കി വെറുപ്പിന്റെ ഭരണം നടത്തുന്നതിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടിയായ സിപിഎം തന്നെയാണ്. ആഗോളകരമായിത്തന്നെ പരാജയപ്പെട്ട ഒതു തത്വശാസ്ത്രം  കേരളത്തില്‍ അതിന്റെ പ്രാകൃതാവസ്ഥയുടെ പിടിയിലാണ്. ഇത് ആരുടെ ഭരണമെന്ന് ജനം ആവര്‍ത്തിച്ചു ചോദിക്കുന്നു.

തികച്ചും അരക്ഷിതാവസ്ഥയിലാണ് കേരളം. നാടിന്റെ ശരിയായ വികസനത്തെക്കുറിച്ച് ഒരുകാഴ്ചപ്പാടുമില്ലാത്ത സര്‍ക്കാര്‍. സ്വയം ഊതിവീര്‍പ്പിച്ച് ഇല്ലാത്തത് ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള മാര്‍ക്കറ്റിംങ് തന്ത്രമായിമായി മാത്രം ഒരുങ്ങിപ്പോയൊരു ഭരണം. ജനത്തിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും ആവര്‍ത്തിച്ചു ഹനിക്കപ്പെടുന്നു. ഇതിനെതിരെ പ്രതികരിക്കാനുള്ള ഇടങ്ങള്‍പോലും ഇല്ലാതായിരിക്കുന്നു. എവിടെ പരാതിബോധിപ്പിക്കണമെന്നു ജനത്തിനറിയില്ല. അതിലും ഭേദം പരാതികള്‍തന്നെ ഇല്ലാതിരിക്കുന്നതാണെന്നു വരുന്നു. സമരങ്ങളിലൂടെ വളര്‍ന്നതാണ് ഇടതു പ്രസ്ഥാനമെന്ന് കമ്മ്യൂണിസ്റ്റുകള്‍ അഭിമാനിക്കാറുണ്ടെങ്കിലും ന്യായമായ സമരങ്ങള്‍പോലും ഈ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. തോറ്റുപോകുന്ന സമരങ്ങളുടേയും തോല്‍ക്കാന്‍ ചെയ്യുന്ന സമരങ്ങളുടേയുംകൂടി നാടായിരിക്കുന്നു കേരളം.

സാധാരണ ഭരണം തീരാറാവുന്ന നാളുകളിലാണ് സര്‍ക്കാര്‍ കൂടുതല്‍ ദുഷിക്കുന്നതെന്നുള്ളതാണ് കേരളത്തില്‍ കണ്ടുവരുന്ന കാഴ്ചയെങ്കില്‍ തുടക്കം മുതലേ ആ ദുഷിപ്പുതുടങ്ങി എന്നതാണ് പിണറായി ഭരണത്തിന്റെ പ്രത്യേകത!അഞ്ചുവര്‍ഷം ഭരിക്കുകയാണെങ്കില്‍ എന്തായിരിക്കും ഗതി എന്നത് കേരളിയരെ ഭയങ്കരമായി ആശങ്കപ്പെടുത്തുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.