ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്ക്

Thursday 19 April 2018 12:14 pm IST
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പോലീസുകാരാണ് പോലീസ് സേനയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് അറസ്റ്റിലായ ആര്‍‌ടി‌എഫിലെ പോലീസ് ഉദ്യോഗസ്ഥര്‍. തങ്ങളെ കരുവാക്കി യഥാര്‍ത്ഥ കുറ്റക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. കേസില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്ന് ഡിജിപിയോടും മുഖ്യമന്ത്രിയോടും തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും പോലീസുകാര്‍ പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം മൂലമാണ് തങ്ങള്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ തങ്ങളെ പ്രതികളാക്കാന്‍ വരാപ്പുഴ സ്റ്റേഷന്‍ കേന്ദ്രീകരിച്ച്‌ ഗൂഡാലോചന നടന്നുവെന്നും റൂറല്‍ ടൈഗര്‍ ഫോഴ്‌സ് വെളിപ്പെടുത്തി. ആദ്യം ഉന്നത ഉദ്യോഗസ്ഥരുടെ അഭിനന്ദനം ഏറ്റുവാങ്ങി വീട്ടില്‍ പോയ തങ്ങള്‍ വളരെ പെട്ടന്നാണ് കൊലപാതകക്കേസില്‍ പ്രതികളായത്. ഇത് വ്യക്തമായ ഗൂഢാലോചനയാണെന്നും അവര്‍ പറഞ്ഞു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പോലീസുകാരാണ് പോലീസ് സേനയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തങ്ങളെ ആരും സഹായിക്കുന്നില്ലെന്നും കോടതിയില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും പോലീസുകാര്‍ വ്യക്തമാക്കി. അറസ്റ്റിലായ ശേഷം ശ്രീജിത്തിന് പരുക്കേറ്റ് മൂന്ന് ദിവസം കഴിഞ്ഞിട്ടും വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആരും വിളിച്ച്‌ അന്വേഷിച്ചിരുന്നില്ല. പോലീസ് വാഹനത്തില്‍ ശ്രീജിത്തിനെ കയറ്റി വിടുക മാത്രമാണ് ചെയ്തത്. തങ്ങളെ ലക്ഷ്യം വച്ചുള്ള ആരോപണം മാത്രമാണിതെന്നും അറസ്റ്റിലായ പോലീസുകാര്‍ ആരോപിച്ചു.

പോലീസില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കും. ഇതു പോലീസില്‍ കാലാകാലങ്ങളായി നടക്കുന്ന കാര്യമാണ്. ഇവിടെ സംഭവിച്ചതും ഇതു തന്നെയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമാണ് തങ്ങള്‍ ശ്രീജിത്തിനെ പിടികൂടിയത്. എന്നാലൊടുവില്‍ തങ്ങള്‍ ബലിയാടുകളാകുകയായിരുന്നുവെന്നും പോലീസുകാര്‍ ആരോപിച്ചു. 

ഇതു സംബന്ധിച്ച്‌ നുണ പരിശോധനയ്ക്ക് വിധേയരാകാനും തങ്ങള്‍ റെഡിയാണ്. തങ്ങളുടെ ഫോണ്‍കോളുകള്‍ സംബന്ധിച്ച്‌ മുഴുവന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത് തങ്ങളാണെങ്കിലും വരാപ്പുഴ പോലീസിന്റെ വാഹനത്തില്‍ ശ്രീജിത്തിനെ കയറ്റി അയയ്ക്കുകയാണ് ചെയ്തതെന്നും പോലീസുകാര്‍ വ്യക്തമാക്കി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.