ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാമത് സാമ്പത്തിക ശക്തിയായി

Thursday 19 April 2018 6:24 pm IST
അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ജിഡിപിയില്‍ ഇന്ത്യക്കു മുന്നിലുള്ളത്. ചെറിയ വ്യത്യാസത്തിലാണ് ഫ്രാന്‍സിന് ആറാം സ്ഥാനം നഷ്ടമായത്. എന്നാല്‍ ഈ സ്ഥാനം കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് സാമ്പത്തിക വിദഗ്ധര്‍.

ന്യൂദല്‍ഹി: ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്ന് ലോകനാണ്യനിധി (ഐഎംഎഫ്) വ്യക്തമാക്കി. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉദ്പാദനം (ജിഡിപി) 2.6 ട്രില്ല്യണ്‍ ഡോളറില്‍ (2.6 ലക്ഷം കോടി രൂപ) എത്തിയതായി ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് സ്ഥിരീകരിച്ചു. 125 കോടി ഇന്ത്യാക്കാര്‍ക്ക് ആഹ്ലാദം പകരുന്നതാണീ വാര്‍ത്ത.

അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ജിഡിപിയില്‍ ഇന്ത്യക്കു മുന്നിലുള്ളത്. ചെറിയ വ്യത്യാസത്തിലാണ് ഫ്രാന്‍സിന് ആറാം സ്ഥാനം നഷ്ടമായത്. എന്നാല്‍ ഈ സ്ഥാനം കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് സാമ്പത്തിക വിദഗ്ധര്‍. 

ഇന്ത്യയെ സംബന്ധിച്ച് സുപ്രധാന നേട്ടമാണിതെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വിലയിരുത്തി. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും മീറ്റിംഗില്‍ നിന്നാണ് ഇന്ത്യയെ തേടി ഈ ശുഭ വാര്‍ത്തയെത്തിയത്. എന്നാല്‍ ഇന്ത്യയിലെ തൊഴില്‍ നിയമങ്ങളിലും ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളിലും നവീകരണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും യോഗത്തില്‍  പരാമര്‍ശിച്ചിട്ടുണ്ട്. 

നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും പ്രത്യാഘാതങ്ങളെ അതിജീവിക്കാന്‍ ഇന്ത്യക്കു സാധിച്ചെന്ന് ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. 

2018ല്‍ 7.4 ശതമാനം, 2019ല്‍ 7.8 ശതമാനം എന്നിങ്ങനെയാണ് ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. 2017 ല്‍ 6.7 ശതമാനം വളര്‍ച്ചാ നിരക്കാണ് ഐഎംഎഫ് കണക്കാക്കിയത്. അതേസമയം 2018 ല്‍ 7.3 ശതമാനവും 2019, 2020 വര്‍ഷങ്ങളില്‍ 7.5 ശതമാനം വളര്‍ച്ചയുമാണ് ലോകബാങ്ക് കണക്കാക്കിയിരിക്കുന്നത്.

ഇന്ത്യ മുന്നോട്ടുവച്ച 2.5 ട്രില്ല്യണ്‍ എന്ന നാഴികക്കല്ലിനെ പുറകിലാക്കിയാണ് 2.6 ട്രില്ല്യണെന്ന ചരിത്രത്തിലേക്ക് ഇന്ത്യ എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.