ദേശീയപാത സ്ഥലമെടുപ്പ്: കളക്ടറുടെ ഉത്തരവ് ഹൈവെ അതോറിറ്റി തള്ളി

Thursday 19 April 2018 6:40 pm IST

 

മാഹി: ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ അഴിയൂര്‍, ഒഞ്ചിയം വില്ലേജുകളില്‍ വില നിര്‍ണയം സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവിന് നിയമസാധുത ഇല്ലെന്ന് നാഷണല്‍ ഹൈവെ അതോറിറ്റി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ച് 2ന് അഴിയൂര്‍, ഒഞ്ചിയം വില്ലേജില്‍ വില നിര്‍ണയം സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. എല്ലാ ആനുകൂല്യങ്ങളും ചേര്‍ന്ന് ഉയര്‍ന്ന വില ലഭിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് നിയമ സാധുതയില്ലെന്നാണ് അതോറിറ്റി ഭൂവുടമകള്‍ക്ക് നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കിയത്. അഴിയൂരില്‍ കമ്പോള വിലയും പുനരധിവാസവും മുന്‍കൂര്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകള്‍ സര്‍വ്വെ നടപടികള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസും റവന്യു അധികൃതരും അഴിയൂരിലെത്തി നഷ്ടപ്പെടുന്ന ഭൂവുടമകളുമായി നടത്തിയ ചര്‍ച്ചക്കിടയില്‍ വില നിര്‍ണയിച്ചതായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് ഉത്തരവായി ഇറക്കി. ഇക്കാര്യത്തില്‍ വ്യക്തത തേടി ഭൂവുടമകള്‍ അതോറിറ്റിക്ക് വിവരാവകാശം സമര്‍പ്പിച്ചതോടെയാണ് വില നിര്‍ണയം തള്ളിയ വിവരം പുറത്ത് വന്നത്. ഇല്ലാത്ത വില നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഭൂവുടമകളെ വഞ്ചിക്കുന്ന നിലപാട് കലക്ടറുടെ പദവിക്ക് നിരക്കാത്തതാണെന്ന് കര്‍മസമിതി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ പി കെ നാണു അധ്യക്ഷത വഹിച്ചു. എടി മഹേഷ്, പ്രദീപ് ചോമ്പാല, പി.കെ.കുഞ്ഞിരാമന്‍, കെ.അന്‍വര്‍ ഹാജി, പി.രാഘവന്‍, കെ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.