ചെറുപുഴയില്‍ ടൂറിസം പദ്ധതി: പുറമ്പോക്ക് അളന്ന് തിരിക്കുന്ന പ്രവൃത്തി ആരംഭിച്ചു

Thursday 19 April 2018 6:42 pm IST

 

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തി ആരംഭിച്ചു.

ചെറുപുഴ പുതിയ പാലം മുതല്‍ ചെക്ക് ഡാം വരെയുള്ള ഭാഗത്തെ പുറമ്പോക്ക് ഭൂമിയാണ് അളന്ന് തിട്ടപ്പെടുത്തുന്നത്. കാര്യങ്കോട് പുഴയോരത്തെ ഈ ഭാഗത്താണ് ചെറുപുഴ ടൗണുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ചില്‍ഡ്രന്‍സ് പാര്‍ക്ക്, വാക്ക് വേ, ടൗണ്‍സ്‌ക്വയര്‍, പെഡല്‍ ബോട്ട് എന്നീ സംവിധാനങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കും. വയക്കര വില്ലേജ് അധികൃതരുടെ നേതൃത്വത്തിലാണ് പുറമ്പോക്ക് അളന്ന് തിരിക്കുന്നത്. ഈ മാസം തന്നെ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കണമെങ്കില്‍ ഈ ഭാഗത്തെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി വില്ലേജ് അധികൃതര്‍ പഞ്ചായത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പുറമ്പോക്ക് ഭൂമി അളന്നു കിട്ടിയാല്‍ പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സന്‍, സ്ഥിരം സമിതി അംഗങ്ങളായ ഡെന്നി കാവാലം, പി.ആര്‍.സുലോചന, ഷാന്റി കലാധരന്‍, പഞ്ചായത്തംഗങ്ങളായ ലളിതാ ബാബു, കെ.കെ.ജോയി, കെ.രാജന്‍ എന്നിവര്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്താനും പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാനുമെത്തിയിരുന്നു. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഒരാഴ്ച മുന്‍പ് ടൂറിസം ഉദ്യോഗസ്ഥര്‍ സി. കൃഷ്ണന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ ചെറുപുഴയില്‍ എത്തി. കൊട്ടത്തലച്ചി, ജോസ്ഗിരി, കാനംവയല്‍, ചെറുപുഴ ടൗണിലെ തടയണയും പരിസര പ്രദേശങ്ങളും എന്നിവ കേന്ദ്രമാക്കിയാണ് പദ്ധതി നടപ്പാക്കുക. ഇവയെക്കുറിച്ച് പഠിക്കുന്നതിനും അന്തിമമായി പ്രോജക്ട് തയ്യാറാക്കുന്നതിനുമാണ് സംഘം ഇവിടെയെത്തിയത്. ഏപ്രില്‍ മാസത്തില്‍ തന്നെ പദ്ധതി ആരംഭിക്കാന്‍ സി.കൃഷ്ണന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.    

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.